ഇറാക്കി സൈന്യത്തിന്‍റെ മുന്നേറ്റം തടയുന്നതിനു സാധാരണക്കാരെ മനുഷ്യപ്പരിചയായി ഉപയോഗിച്ച് കൊണ്ടുള്ള യുദ്ധമുറയ്ക്കാണ് ഐ എസ് തയ്യാറെടുക്കുന്നത്. ഇത് വൻ ആൾനാശത്തിനിടയാക്കുമെന്നും ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷണർ അറിയിച്ചു. 

അമേരിക്കൻ പിന്തുണയോടെ ഇറാക്കി സൈന്യവും കുർദുകളും ഐഎസ് കേന്ദ്രങ്ങളിൽ ശക്‌തമായ കടന്നുകയറ്റമാണ് നടത്തുന്നത്. ഐഎസിനു സ്വാധീനമുള്ള മൊസൂൾ തിരിച്ചുപിടിക്കാനുള്ള സൈന്യത്തിന്റെ നീക്കത്തിനു വിലങ്ങു തടിയാകുകയാണ് ഈ മനുഷ്യമറ.

സമാലിയയിൽനിന്ന് 200 കുടുംബങ്ങളെയും നജാഫിയ ഗ്രാമത്തിൽനിന്ന് 350 കുടുംബങ്ങളെയും മൊസൂളിൽ ഐഎസ് എത്തിച്ചെന്നു പ്രാദേശിക ഉദ്യോഗസ്‌ഥർ പറഞ്ഞു. ഇതിനിടെ മൊസൂൾ പ്രാന്തത്തിലുള്ള ക്രിസ്ത്യൻ പട്ടണമായ ബാർട്ടെല്ല പിടിച്ച ഇറാക്കി സൈന്യം അവിടത്തെ പള്ളിയിൽ ഇറാക്കിന്‍റെ പതാക ഉയർത്തി. ബാർട്ടെല്ലയിലെ ക്രിസ്ത്യൻ പള്ളിയിൽ ഐഎസ് ഏറെ നാശനഷ്‌ടം വരുത്തിയിരുന്നു. 

പള്ളിയുടെ തറയിൽ ചപ്പുചവറുകളും മറ്റും വിതറിയിരിക്കുന്നതായി കാണപ്പെട്ടു. ബാർട്ടെല്ലയിലെ ക്രിസ്ത്യൻ വീടുകൾ ഐഎസ് പ്രത്യേകം അടയാളപ്പെടുത്തിയിരുന്നതായും കാണപ്പെട്ടു. ഐഎസ് നിയന്ത്രിത മേഖലയിൽ ക്രൈസ്തവരിൽനിന്നു പ്രത്യേക നികുതി ഈടാക്കിയിരുന്നു.

ഇതിനിടെ മൊസൂളിൽ 15 തീവ്രവാദികളെ കൊലപ്പെടുത്തിയ ഇറാഖി സൈന്യം രണ്ട് ഗ്രാമങ്ങൾ കൂടി ഐഎസിൽ നിന്ന് തിരിച്ചുപിടിച്ചു. ശക്തി കേന്ദ്രം നഷ്ടപ്പെടുമോയെന്ന ആശങ്കയിൽ , പലയിടങ്ങളിൽ ആക്രമണം അഴിച്ചുവിട്ട് മൊസൂളിൽ നിന്ന് ഇറാഖിസൈന്യത്തിന്‍റെ ശ്രദ്ധതിരിക്കുകയാണ് ഐഎസ് ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തൽ.