കണ്ണൂർ: പിണറായിയിൽ അമ്മയെയും രണ്ട് കുട്ടികളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പിണറായി ഡോക്ടർ മുക്കിലാണ് രണ്ടും, എട്ടും വയസ്സുള്ള കുട്ടികൾക്കൊപ്പം അമ്മയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവും അമ്മയും ചികിത്സക്കായി പുറത്തുപോയ സമയത്തായിരുന്നു സംഭവം.
കഴുത്തിൽ കുരുക്കിട്ട് തൂക്കി മക്കളെ രണ്ടുപേരെയും കൊലപ്പെടുത്തിയ ശേഷം അമ്മ പ്രീതയും തൂങ്ങി മരിച്ചുവെന്നാണ് പ്രാഥമിക നിഗമനം. അടുത്തടുത്ത മുറികളിലായായിരുന്നു മൂന്നു മൃതദേഹങ്ങളും. എട്ടു വയസ്സുള്ള മൂത്ത മകൾ വൈഷ്ണ ഒറ്റയ്ക്ക് ഒരു മുറിയിലും, പ്രീതയും 2 വയസ്സുള്ള മകൾ ലയയും ഒരുമിച്ച് മറ്റൊരു മുറിയിലുമായിരുന്നു. ഭർത്താവും അമ്മയും ചികിത്സാവശ്യത്തിനായി മംഗലാപുരത്തേക്ക് പോയതിനാൽ വീട്ടിൽ ഇവർ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
വീട്ടിൽ നിന്ന് ഏറെനേരമായി ശബ്ദമൊന്നും കേൾക്കാത്തതിൽ സംശയം തോന്നി അയൽവാസികൾ എത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. ആദ്യം വൈഷ്ണയെ കണ്ടെത്തിയതിന് പിന്നാലെ, വാതിൽ ചവിട്ടിപ്പൊളിച്ച് പ്രീതയെയും ഇളയ മകളെയും താഴെയിറിക്കുകയായിരുന്നു. മൂവരും ഇതിനോടകം മരിച്ചിരുന്നു. തുടർന്ന് പൊലീസും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി മാറ്റിയിരിക്കുകയാണ്.
