കൊച്ചി: ആലുവയിൽ പഴയ വസ്ത്രങ്ങൾ ശേഖരിക്കാനെന്ന പേരിൽ വീട്ടിൽ കയറി സ്വർണ മാല കവർന്ന കേസിൽ അമ്മയും മകളും ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. ആലുവയിലെ ജ്വല്ലറിയിൽ വിറ്റ സ്വർണമാല പൊലീസ് കണ്ടെടുത്തു.
ആലുവ മനയ്ക്കപ്പടി സ്വദേശിയായ രമ്യ, അമ്മ രാധ, രമ്യയ്ക്കൊപ്പം താമസിക്കുന്ന സുബ്രഹ്മണ്യൻ എന്നിവരാണ് മോഷണക്കേസിൽ പിടിയിലായത്. കേസിനെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ.
രമ്യയും അമ്മ രാധയും ആലുവ മണപ്പുറത്താണ് തങ്ങുന്നത്. മണപ്പുറത്തിനടുത്തുള്ള വീട്ടിൽ പഴയ വസ്ത്രങ്ങൾ ശേഖരിക്കാനെന്ന പേരിൽ എത്തിയ രമ്യ, വസ്ത്രമെടുക്കാൻ വീട്ടമ്മ അകത്തേക്ക് പോയ തക്കത്തിന് അലമാരയിലിരുന്ന മാല മോഷ്ടിക്കുകയായിരുന്നു. രണ്ട് പവൻ തൂക്കം വരുന്ന മാല രമ്യ പിന്നീട് അമ്മ രാധയെ ഏൽപ്പിച്ചു. രാധയുടെ നിർദ്ദേശ പ്രകാരം സുബ്രമണ്യൻ മാല ആലുവയിലെ ഒരു ജ്വല്ലറിയിൽ വിൽക്കുകയായിരുന്നു.
മാല നഷ്ടപ്പെട്ടെന്ന് വീട്ടമ്മ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രമ്യയെയും മറ്റുള്ളവരെയും പിടികൂടിയത്. പഴയ വസ്ത്രം വാങ്ങാനെത്തിയവരാകാം മാല മോഷ്ടിച്ചതെന്ന വീട്ടമ്മയുടെ സംശയമാണ് പ്രതികളെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്. മാല വിറ്റ ജ്വല്ലറിയിൽ നിന്ന് പൊലീസ് തൊണ്ടിമുതൽ കണ്ടെടുത്തു. മൂന്ന് പ്രതികളെയും ആലുവ കോടതിയിൽ ഹാജരാക്കിയ ശേഷം കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.
