കൊല്ലം: കൊട്ടിയത്ത് അമ്മ മകനെ കൊന്ന കേസില്‍ അച്ഛനെയും സഹോദരിയെയും ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. 
ജയയെ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ പൊലീസ് തിങ്കളാഴ്ച നല്‍കും. അതേസമയം കുറ്റസമ്മതത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെതിരെ കര്‍ശന നടപടിയെടുക്കാനാണ് തീരുമാനം

മകന്‍റെ കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന അമ്മ ജയയുടെ മൊഴിക്ക് വിരുദ്ധമായ തെളിവുകളൊന്നും അന്വേഷണസംഘത്തിന് ഇതുവരെ കിട്ടിയിട്ടില്ല. എങ്കിലും സ്വത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പേരില്‍ അമ്മ മകനെ ഇത്ര ക്രൂരമായി കൊലപ്പെടുത്തുമോ എന്ന സംശയം ഇപ്പോഴുമുണ്ട്. അതുകൊണ്ടുതന്നെ ബന്ധുക്കളെയും അയല്‍ക്കാരെയുമെല്ലാം വീണ്ടും ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ തീരുമാനം. 

റിമാന്‍ഡിലായ ജയയെ കസ്റ്റഡിയില്‍ വാങ്ങാനായി തിങ്കളാഴ്ച പരവൂര്‍ കോടതിയില്‍ പൊലീസ് അപേക്ഷ നല്‍കും. മൊഴിയില്‍ ഏതെങ്കിലും തരത്തിലുള്ള വൈരുദ്ധ്യങ്ങളുണ്ടോ എന്ന് പരിശോധിക്കും. ജയയുടെ കുറ്റസമ്മത മൊഴിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത് ഉന്നതോദ്യോഗസ്ഥര്‍ ഗൗരവമായാണ് കാണുന്നത്. ഇക്കാര്യത്തില്‍ വകുപ്പ് തല അന്വേഷണം പുരോഗമിക്കുകയാണ്.