ഒരു പാട് ആളുകള്‍ പരസഹായമില്ലാതെയുള്ള പ്രസവത്തിന്റെ സാധ്യതകള്‍ ആരായുന്നത് സന്തോഷം നല്‍കുന്നുവെന്ന് സാറയുടെ പ്രതികരണം

ബെര്‍ലിന്‍: മറ്റാരുടേയും സഹായം കൂടാതെ വീടിനടുത്തുള്ള പൂന്തോട്ടത്തില്‍ പത്ത് ലക്ഷം ആളുകളെ സാക്ഷിയാക്കിയാണ് ഈ അമ്മ ആറാമത്തെ കുഞ്ഞിനെ പ്രസവിച്ചത് . പ്രസവത്തെ അസാധാരണമായി കണ്ട് മാറ്റി നിര്‍ത്തപ്പെട്ട അനുഭവം നേരിട്ടതിനെ തുടര്‍ന്നാണ് ആറാമത്തെ കുഞ്ഞിന് ജന്മം നല്‍കാന്‍ വീട് തന്നെ മതിയെന്ന് മുപ്പത്തിയാറുകാരിയായ സാറ തീരുമാനിച്ചത്. 

ജര്‍മനി സ്വദേശിനിയും ഫ്രാന്‍സില്‍ താമസവുമാക്കിയ സാറ ഏറെ നാളുകള്‍ മറ്റാരുടേയും സഹായം കൂടാതെ കുഞ്ഞിന് ജന്മം നല്‍കുന്ന രീതികളെക്കുറിച്ച് വിശദമായി പഠിച്ചിരുന്നു. ആറ് മുതല്‍ പതിനൊന്ന് വയസുവരെയുള്ള അഞ്ച് മക്കളെയും ഭര്‍ത്താവിനെയും സാക്ഷിയാക്കി വീട്ടിലെ പൂന്തോട്ടമാണ് പ്രസവത്തിനായി സാറ തിരഞ്ഞെടുത്തത്. പ്രസവത്തിന്റെ വീഡിയോ ലൈവ് സംപ്രേക്ഷണം ചെയ്തത് കണ്ടത് പത്ത് ലക്ഷത്തോളം ആളുകള്‍ ആയിരുന്നു.

പ്രസവശേഷം തന്റെ അനുഭവമെന്തായിരുന്നുവെന്നത് സംബന്ധിച്ച് വിശദമായ വീഡിയോ സാറ യുട്യൂബില്‍ അപ്ലോഡ് ചെയ്യുക കൂടി ചെയ്തതോടെ ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്ന് നിരവധി പേരാണ് സാറയുടെ വവരങ്ങള്‍ തിരക്കിയെത്തുന്നത്. ചില പ്രതികരണങ്ങള്‍ രൂക്ഷമായിരുന്നെങ്കിലും ഒരു പാട് ആളുകള്‍ പരസഹായമില്ലാതെയുള്ള പ്രസവത്തിന്റെ സാധ്യതകള്‍ ആരായുന്നത് സന്തോഷം നല്‍കുന്നുവെന്ന് സാറ പ്രതികരിക്കുന്നു. 

പണ്ട് കാലങ്ങളില്‍ അമ്മ പ്രസവിക്കുന്നത് കാണാന്‍ പെണ്‍മക്കള്‍ക്ക് സാഹചര്യമുണ്ടായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ എങ്ങനെ പെരുമാറണമെന്ന് അവര്‍ക്ക് അതിലൂടെ മനസിലാവുകയും ചെയ്തിരുന്നു. എന്നാല്‍ സൗകര്യങ്ങള്‍ കൂടിയതോടെ ഇത്തരം സാഹചര്യങ്ങളെ അഭിമുഖീകരിക്കാന്‍ ആരും തയ്യാറാവാത്ത സ്ഥിതിയാണുള്ളതെന്ന് സാറ ചൂണ്ടിക്കാണിക്കുന്നു. പ്രസവ മുറികളില്‍ നിരവധി ആളുകള്‍ വളരം കഷ്ടപാടിന് ശേഷം കുട്ടികള്‍ക്ക് ജന്മം കൊടുക്കുന്നത് കണ്ടിട്ടുണ്ട്. പ്രസവ മുറിയില്‍ അമ്മയ്ക്ക് ആശ്വാസകരമായ പ്രവര്‍ത്തികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതകള്‍ കുറവാണെന്നും സാറ വിശദമാക്കുന്നു. നാല്‍പ്പത്തൊന്നുകാരനായ ടിം ആണ് സാറയുടെ ഭര്‍ത്താവ്.