അന്ധവിശ്വാസത്തിന്റെ പേരിലാണ് കുഞ്ഞിനെ കല്ലുപയോഗിച്ച് ഉരച്ചത്
ഭോപ്പാല്‍: ദത്തെടുത്ത കുഞ്ഞിനോട് ക്രൂരത കാട്ടി വളര്‍ത്തമ്മ. മധ്യപ്രദേശിലെ നിഷത്പുരയിലാണ് 5 വയസ്സായ ആണ്‍ കുഞ്ഞിന് ഭംഗി കൂടാന്‍ കല്ലുകൊണ്ട് ഉരച്ച് അമ്മയുടെ ക്രൂരത. ഉത്തരാഖണ്ഡില്‍നിന്നാണ് സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയായ സുധ തിവാരി കുഞ്ഞിനെ ദത്തെടുത്തത്. നാട്ടില്‍ നിലവിലുള്ള അന്ധവിശ്വാസത്തിന്റെ പേരിലാണ് കുഞ്ഞിനെ കല്ലുപയോഗിച്ച് ഉരച്ചത്.
കുഞ്ഞിനെ ഉപദ്രവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അധ്യാപികയുടെ സഹോദരീ പുത്രി വിവരം ചൈല്‍ഡ് ലൈനിനെ വിളിച്ച് അറിയിച്ചു. ഇതോടെ ചൈല്‍ഡ് ലൈന്‍ എത്തി കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു. കുഞ്ഞിനെ ഭോപ്പാലിലെത്തിച്ചത് മുതല്‍ സുധ സന്തോവതി ആയിരുന്നില്ല. കുഞ്ഞിനോട് ക്രൂരമായാണ് പെരുമാറിയിരുന്നത്. ഒന്നര വര്‍ഷം മുമ്പാണ് സുധ കുഞ്ഞിനെ ദത്തെടുത്തതെന്നും പരാതിക്കാരിയായ സുധയുടെ സഹോദരിയുടെ മകള്‍ ശോഭ്‌ന ശര്‍മ പറഞ്ഞു.
ഒരു വര്‍ഷം മുമ്പാണ് കറുത്ത കല്ലുകൊണ്ട് കുഞ്ഞിന്റെ ശരീരത്തില്‍ ഉരയ്ക്കാന്‍ ആരോ സുധയെ ഉപദേശിക്കുന്നത്. കുഞ്ഞിന്റെ ശരീരത്തില്‍ കല്ലുകൊണ്ട് ഉരച്ചത് വഴി ശരീരത്തിലാകെ പാടുകളും മുറിവുകളുമാണ്. നിഷത്പുര പൊലീസും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ചേര്‍ന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. പിന്നീട് ചൈല്‍ഡ് ലൈന്‍ കേന്ദ്രത്തിലേക്ക് കുഞ്ഞിനെ മാറ്റി.
പലതവണ സുധയെ തടയാന്‍ ശ്രമിച്ചിട്ടുണ്ടെന്നും എന്നാല്‍ അവര്‍ കുഞ്ഞിനെ ഉപദ്രവിക്കുന്നത് നിര്‍ത്തിയില്ല. ഇതിനാലാണ് ചൈല്‍ഡ് ലൈനുമായി ബന്ധപ്പെട്ടതെന്നും ശോഭ്‌ന വ്യക്തമാക്കി. കുഞ്ഞിനെ രക്ഷപ്പെടുത്തുമ്പോള്‍ കുഞ്ഞിന്റെ ശരീരത്തില്‍ മാരകമായ മുറിവുകളുണ്ടായിരുന്നതായി ചൈല്‍ഡ് ലൈന്‍ ഡിറക്ടര്‍ അര്‍ച്ചന സഹായ് പറഞ്ഞു.
