കാസര്‍കോട്: രോഗം മനുഷ്യനെ ജീവിതത്തിന്റ എല്ലാ സൗഭാഗ്യങ്ങളില്‍ നിന്നും ഒറ്റപ്പെടുത്തും. അത് മാറാരോഗമാണെങ്കില്‍ സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട് ജീവിതത്തിന്റെ ഏകാന്തമായ തുരുത്തുകളില്‍ തീര്‍ത്തും നിരാലമ്പനായി ജീവിക്കേണ്ടി വരുന്നു. ഇത്തരത്തില്‍ ഒറ്റപ്പെട്ട് ആര്‍ക്കും വേണ്ടാതെ കിടക്കുന്ന മാറാരോഗികളെ അവരുടെ വീടുകളിലെത്തി ആശ്വസിപ്പിക്കുന്ന അമ്മമാര്‍ സമൂഹത്തിന്റെ കണ്ണുകളായി മാറുന്നു. 

കാസര്‍കോട് തൃക്കരിപ്പൂരിലെ വനിതാ ഹോംകെയര്‍ പ്രവര്‍ത്തകരായ വീട്ടമ്മമാരാണിവര്‍. നാട്ടിലെ കല്യാണമോ വീടിന്റെ പാലുകാച്ചല്‍ ചടങ്ങോ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളോ പള്ളികളിലെ പെരുന്നാളുകളോ ഇവര്‍ക്ക് അറിയേണ്ടതില്ല. മറിച്ച് തങ്ങളുടെ നാട്ടിലോ, തൊട്ടടുത്തെ പ്രദേശത്തോ കിടപ്പുരോഗികള്‍ ഉണ്ടോ എന്നാണ് ഇവര്‍ അന്വേഷിക്കുന്നത്. ഉണ്ടെന്നറിഞ്ഞാല്‍ പിന്നെ വനിതാ ഹോം കെയറിലെ 'അമ്മമാര്‍ക്ക് ഉറക്കമുണ്ടാവില്ല. അടുത്ത ദിവസം രാവിലെ അവര്‍ക്കുള്ള മരുന്നുകളും ഭക്ഷണങ്ങളുമായി ഇവര്‍ അവിടേക്കു പുറപ്പെടും.

വര്‍ഷങ്ങളായി പുറംലോകം കാണാന്‍ കഴിയാതെ ചക്രക്കസേരയില്‍ കഴിയുന്ന നാല്‍പ്പത് വയസുകാരിയായ തൃക്കരിപ്പൂര്‍ വടക്കേകൊവ്വല്‍ സ്വദേശിനിയെ കഴിഞ്ഞ ദിവസം രാവിലെയെത്തിയ പാലിയേറ്റിവ് വളന്റിയര്‍മാര്‍ അവളെ വീടിന് വെളിയില്‍ കൊണ്ടുപോയി. സ്‌നേഹപൂര്‍ണമായ ക്ഷണത്തില്‍, ചക്രക്കസേര സഹിതം വാഹനത്തില്‍ പുറപ്പെടുമ്പോള്‍ എങ്ങാട്ടാണ് പോകുന്നതെന്ന് പോലും അവര്‍ക്കറിയില്ലായിരുന്നു. കവ്വായിക്കായലോരത്തെ ഇടയിലക്കാട് തുരത്തിലേക്കായിരുന്നു ആ യാത്ര. അവരുടെ പഴയ സഹപാഠി രമണിയുടെ വീടിന് മുന്നില്‍ വാഹനം നിര്‍ത്തി. അപ്രതീക്ഷിത അതിഥിയെ കണ്ട് രമണിയും ചിരകാല സുഹൃത്തിനെ ജീവിതത്തിലാദ്യമായി വീട്ടില്‍ ചെന്നുകണ്ടപ്പോള്‍ അവര്‍ക്കും കണ്ണീരടയ്ക്കാനായില്ല. തൃക്കരിപ്പൂര്‍ പാലിയേറ്റിവ് സൊസൈറ്റിയുടെ വനിതാ വിഭാഗം നേതൃത്വം നല്‍കിയ ഡേ-കെയര്‍ പരിപാടിയിലായിരുന്നു വികാരനിര്‍ഭര രംഗങ്ങള്‍. എല്ലുനുറുങ്ങുന്ന അസുഖവുമായി ചികിത്സയില്‍ കഴിയുന്ന നീലേശ്വരത്തെ പത്തുവയസുകാരനും യാത്രയില്‍ ഒപ്പം ചേര്‍ന്നിരുന്നു.

അന്നുവരെ അപ്രാപ്യമായിരുന്ന കടല്‍ത്തീരം മതിവരുവോളം ഇരുവരും നോക്കിയിരുന്നു. വാഹനം ഓടിക്കുന്നവര്‍ ഉള്‍പ്പടെ സ്ത്രീകള്‍ മാത്രമുള്ള ഹോം കെയര്‍ ടീം ജില്ലയില്‍ തന്നെ തൃക്കരിപ്പൂര്‍ സൊസൈറ്റിയുടെ സവിശേഷതയാണ്. പ്രയാസങ്ങള്‍ മറയില്ലാതെ പങ്കുവെക്കാന്‍ കഴിയുന്നത് സ്ത്രീകളായ കിടപ്പുരോഗികള്‍ക്ക് വലിയ ആശ്വാസം പകരുന്നതായി വളന്റിയര്‍മാര്‍ പറയുന്നു. 

സന്നദ്ധസേവനത്തില്‍ തല്‍പരരായ വീട്ടമ്മമാരാണ് ഹോം കെയറിന് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ രണ്ടുമാസത്തോളമായി സ്ത്രീകളുടെ ഹോം കെയര്‍ തൃക്കരിപ്പൂരില്‍ സജീവമാണ്. ആഹാരം കഴിക്കാനായി ഒരു കുഴലും മൂത്രം പോകാനായി മറ്റൊരു കുഴലും ഘടിപ്പിക്കപ്പെട്ട് കിടക്കപ്പായയില്‍ ഒട്ടിക്കിടക്കുന്ന വേദനയെ കാണാതിരിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവാണ് വനിതാ ഹോം കെയര്‍ ടീമിന്റെ പ്രചോദനം. ഒ.ടി.നഫീസത്ത്, കെ.വി.പി.ജമീല, ഫൗസിയ കോളേത്ത്, ഫൗസിയ വളാല്‍, ഖദീജ വെള്ളാപ്പ്, സിസ്റ്റര്‍ അജിത എന്നിവരാണ്.