ആറു വാഹനങ്ങള്‍ നിര്‍മ്മിച്ച മാസവും വര്‍ഷവും വാഹന ഡീലര്‍മാര്‍ തിരുത്തി വാഹനങ്ങള്‍ വില്പന നടത്തി മോട്ടോര്‍ വാഹനവകുപ്പിനെയും വാഹനങ്ങള്‍ വാങ്ങിയവരെയും ചതിച്ച് വിശ്വാസ വഞ്ചന ചെയ്തിരിക്കുന്നുവെന്നാണ് ഫെബ്രുവരി 22ന് ചെങ്ങന്നൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ പറഞ്ഞിരിക്കുന്നത്. ഒരു വാഹനം നിര്‍മ്മിക്കുന്ന മാസവും വര്‍ഷവും കണക്കാക്കിയാണ് ആ വാഹനത്തിന്റെ മോഡല്‍ നിശ്ചയിക്കുന്നത്. വാഹനം വാങ്ങാനെത്തുന്നയാള്‍ക്ക് മറ്റ് സൗകര്യങ്ങള്‍ക്കൊപ്പം മോഡലും ഏറെ പ്രധാനപ്പെട്ടത് തന്നെയാണ്. പക്ഷേ ഇത് സംസ്ഥാനത്തെ വാഹന ഡീലര്‍മാര്‍ പരക്കെ അട്ടിമറിക്കുകയാണിപ്പോള്‍. ഉദാഹരത്തിന് ഈ മാസം വാഹനം വാങ്ങാന്‍ പോകുന്ന ഒരാള്‍ക്ക് ഡീലര്‍മാര്‍ കൊടുക്കുന്നത് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇറങ്ങിയ വാഹനമായിരിക്കും. പിന്നീട് താല്‍ക്കാലിക റെജിസ്ട്രേഷന്‍ നടത്തുമ്പോള്‍ ഡീലര്‍മാര്‍ നിര്‍മ്മിച്ച തീയതി മാറ്റി നല്‍കുകയും പുതിയ മോഡല്‍ വാഹനമായി രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുന്നു. അതായത് വ്യാജരേഖയുണ്ടാക്കി സര്‍ക്കാരിനെയും ഉപഭോക്താവിനെയും ചതിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്. ഇതുമൂലം വാറണ്ടി നഷ്ടമാകാനുള്ള സാധ്യതയേറെയാണ്. വാഹനം മറ്റൊരാള്‍ക്ക് വില്‍ക്കുമ്പോഴും കബളിപ്പിക്കപ്പെടുന്നു.

വാഹനത്തിന്റെ തിരിച്ചറിയല്‍ നമ്പറായ ചേസിസ് നമ്പര്‍ പരിശോധിച്ചാല്‍ എതാണ് മോഡലെന്ന് കണ്ടുപിടിക്കാമെങ്കിലും ബഹുഭൂരിപക്ഷം പേര്‍ക്കും ഇതൊന്നുമറില്ല. കോടികളുടെ തിരിമറിയാണ് സംസ്ഥാനത്തെ വാഹന ഡീലര്‍മാര്‍ ഈ തട്ടിപ്പിലൂടെ നടത്തുന്നത്. വര്‍ഷത്തിന്റെ തുടക്കത്തിലും വര്‍ഷാവസാനത്തിലുമുള്ള ഡിസ്കൗണ്ട് സെയിലുകളിലെല്ലാം ഇത്തരം പഴയ വാഹനങ്ങളുടെ വില്‍പനയാണ് പൊടിപൊടിക്കുന്നത്. അതേ സമയം രജിസ്ട്രേഷന്‍ സമയത്ത് എല്ലാ പരിശോധനയും നടത്തിയിട്ടും മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇത് മനസ്സിലാക്കാന്‍ കഴിയുന്നില്ല. എന്നാല്‍ സ്വാഭാവികമായ പിഴവാണെന്നാണ് വാഹന ഡീലര്‍മാര്‍ നല്‍കുന്ന വിശദീകരണം. ഡീലര്‍മാര്‍ നല്‍കുന്ന സെയില്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം നിര്‍മ്മാതാക്കള്‍ സാക്ഷ്യപ്പെടുത്തുന്ന കട്ട് ഓഫ് ചേസിസ് നമ്പര്‍ ഓരോ ഉപഭോക്താവിനും നല്‍കുകയാണ് ഈ തട്ടിപ്പ് ഇല്ലാതാക്കാനുള്ള പോംവഴി.