ജൂണ്‍ 15 ന് സംസ്ഥാനത്തെ മോട്ടോര്‍ വാഹനങ്ങള്‍ സൂചനാ പണിമുടക്ക് നടത്തും. 10 വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവിനെതിരെയാണ് സമരം. പാലക്കാട് ചേര്‍ന്ന ആള്‍ ഇന്ത്യാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ്സ് യോഗമാണ് 15 ന് പണിമുടക്ക് നടത്താന്‍ തീരുമാനിച്ചത്. ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ്സിന് കീഴിലുള്ള വിവിധ മോട്ടോര്‍ വാഹന ഉടമകളുടെ കൂട്ടായ്മയായ സംസ്ഥാന മോട്ടോര്‍ വാഹന വ്യവസായ സംരക്ഷണ സമിതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ഹരിത ട്രിബ്യൂണല്‍ ഉത്തരവ് അപ്രയോഗികവും ജനവിരുദ്ധവുമാണെന്ന് യോഗം കുറ്റപെടുത്തി. ഉത്തരവ് പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കാത്തപക്ഷം 23 മുതല്‍ അനിശ്ചിത കാല സമരം സംഘടിപ്പിക്കാനാണ് തീരുമാനം. തമിഴ് നാട് ഉള്‍പ്പെടെയുളള അയല്‍ സംസ്ഥാനങ്ങളിലെ മോട്ടോര്‍ വാഹന ഉടമകളും സമരവുമായി സഹകരിക്കും. 
 സംസ്ഥാനത്തേക്ക് ചരക്കുമായി എത്തുന്ന 30000 ല്‍ അധികം ലോറികളെ ഉത്തരവ് സാരമായി ബാധിക്കുമെന്നും വിധിക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ്സ് നേതാക്കള്‍ അറിയിച്ചു.