ദില്ലി: എം.പിയെ തേന്‍കെണിയില്‍ കുടുക്കി ബ്ലാക് മെയില്‍ ചെയ്യുന്ന യുവതിയെ കണ്ടെത്താന്‍ ദില്ലി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. തന്നെ മയക്കുമരുന്ന് നല്‍കി മയക്കിക്കിടത്തിയ ശേഷം അശ്ലീല ചിത്രങ്ങള്‍ എടുത്തെന്ന് ആരോപിച്ച് എം.പി തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്. സ്ത്രീയുടെ നേതൃത്വത്തിലുള്ള സംഘം അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നും പരാതിയില്‍ പറയുന്നു. പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ബലാത്സംഗക്കേസില്‍ കുടുക്കുമെന്നാണ് ഭീഷണി.
പരാതി ലഭിച്ചത് സ്ഥിരീകരിച്ച ദില്ലി പൊലീസ് സ്പെഷ്യല്‍ കമ്മീഷണര്‍ മുകേശ് മീണ, ഉടന്‍ തന്നെ അന്വേഷണം ആരംഭിച്ചുവെന്നും വ്യക്തമാക്കി. കേസില്‍ ഉള്‍പ്പെട്ടവരെ ഉടന്‍ പിടികൂടാനാവുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ സഹായം തേടിയെത്തിയ യുവതി, പരിചയം സ്ഥാപിച്ച ശേഷം ഗാസിയാബാദിലുള്ള വസതിയിലേക്ക് ക്ഷണിക്കുകയായിരുന്നെന്ന് പരാതിയില്‍ എം.പി പറയുന്നു. അവിടെവെച്ച് ശീതള പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി. ബോധം നഷ്ടപ്പെട്ട തന്റെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും പിന്നീട് ബോധം തിരിച്ചുകിട്ടിയപ്പോഴാണ് ഇത് കെണിയായിരുന്നതെന്ന് തനിക്ക് മനസിലായതെന്നും പറയുന്നു. ദില്ലി പൊലീസിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആവശ്യമെങ്കില്‍ ക്രൈം ബ്രാഞ്ചിനോ സ്പെഷ്യല്‍ സെല്ലിനോ കേസ് കൈമാറാനും നിര്‍ദ്ദേശമുണ്ട്.
കെണിയൊരുക്കിയ സ്ത്രീയെക്കുറിച്ച് പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സഹായ അഭ്യര്‍ത്ഥനയുമായി എം.പിമാര്‍ അടക്കമുള്ളവരെ സമീപിച്ച് അങ്ങനെയുള്ള പരിചയം മുതലെടുത്ത ശേഷം തന്റെ വസതിയിലേക്ക് അവരെ ക്ഷണിച്ചാണ് സംഘത്തിന്റെ തട്ടിപ്പ് രീതി. ആവശ്യപ്പെടുന്നവര്‍ക്ക് ഉന്നത ജോലിയോ അല്ലെങ്കില്‍ പണമോ ആവശ്യപ്പെട്ട് ബ്ലാക് മെയില്‍ ചെയ്യും. മറ്റൊരു എം.പിക്കെതിരെ ഈ സ്ത്രീ വ്യാജ ബലാത്സംഗക്കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും കണ്ടെത്തി.
