ദാര്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ നടുറോഡിലിട്ട് സുരക്ഷാ ഉദ്യോഗസ്ഥനെ മര്‍ദ്ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ദാര്‍ ജില്ലയില്‍ സര്‍ദാര്‍പൂര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടന്ന റാലിക്കിടെയായിരുന്നു സംഭവം. സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥനെയാണ് മുഖ്യമന്ത്രി അകാരണമായി മര്‍ദ്ദിച്ചത്. ജനുവരി നാലിനാണ് സംഭവം നടന്നതെങ്കിലും മര്‍ദ്ദിക്കുന്ന വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. 

ശിവ് രാജ് സിങ് ചൗഹാന്‍ മര്‍ദ്ദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. ജനങ്ങള്‍ നോക്കിനില്‍ക്കെയാണ് മുഖ്യമന്ത്രി സുരക്ഷാ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചത്. ഇതിന് മുന്‍പും ചൗഹാനെതിരെ പരാതി ഉയര്‍ന്നിരുന്നു. 2016 ആഗസ്തില്‍ പ്രളയബാധിത പ്രദേശം സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥരെകൊണ്ട് ഇദ്ദേഹത്തെ ചുമലിലേറ്റി നടത്തിച്ചിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചതില്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അതേസമയം സംഭവുമായി ബന്ധപ്പെട്ട് മര്‍ദ്ദനമേറ്റ സുരക്ഷാ ഉദ്യോഗസ്ഥനോ പ്രതികരിക്കാന്‍ തയാറായിട്ടില്ല.