തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ജയ്ത്പൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഉമ ധുര്‍വേ മുന്നേറുന്ന സമയത്താണ് ഈ സംഭാഷണങ്ങള്‍ നടന്നതെന്ന് സ്ക്രീന്‍ ഷോട്ടുകള്‍ പ്രചരിപ്പിക്കുന്നരവര്‍ ആരോപിക്കുന്നത്

ഭോപ്പാല്‍: മധ്യപ്രദേശ് തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിനിടെ എങ്ങനെയും ബിജെപിയെ ജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടര്‍ അയച്ച വാട്സ് ആപ്പ് സന്ദേശം പുറത്ത് വന്നതോടെ വിവാദം പുകയുന്നു. എങ്ങനെയും ബിജെപിയെ ജയിപ്പിക്കണമെന്ന് മധ്യപ്രദേശിലെ ഷദോള്‍ ജില്ലയിലെ കളക്ടര്‍ അനുഭ ശ്രീവാസ്തവ ഡെപ്യൂട്ടി കളക്ടറായ പൂജ തിവാരിക്ക് അയച്ച സന്ദേശത്തിന്‍റെ സ്ക്രീന്‍ ഷോട്ടുകളാണ് വെെറല്‍ ആയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ജയ്ത്പൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഉമ ധുര്‍വേ മുന്നേറുന്ന സമയത്താണ് ഈ സംഭാഷണങ്ങള്‍ നടന്നതെന്ന് സ്ക്രീന്‍ ഷോട്ടുകള്‍ പ്രചരിപ്പിക്കുന്നവര്‍ ആരോപിക്കുന്നത്. ബിജെപിയുടെ വിജയം ഉറപ്പാക്കണമെന്ന് അസിസ്റ്റന്‍റ് റിട്ടേര്‍ണിംഗ് ഓഫീസറായ ഡെപ്യൂട്ടി കളക്ടറോട് അനുഭ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് ആക്ഷേപം.

കളക്ടര്‍ പറയുന്നത് അനുസരിച്ചാല്‍ ഭാവിയില്‍ എന്തെങ്കിലും പ്രശ്നുമുണ്ടാകുമോയെന്ന് ഡെപ്യൂട്ടി കളക്ടര്‍ ചോദിക്കുമ്പോള്‍ ചാറ്റില്‍ അതിനെ കുറിച്ച് ഒന്നും പേടിക്കേണ്ടെന്നാണ് മറുപടി നല്‍കുന്നത്. കൂടാതെ, ബിജെപി വിജയം നേടിയാല്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ആക്കാമെന്ന വാഗ്ദാനവും നല്‍കുന്നുണ്ട്.

എന്നാല്‍, ഈ സ്ക്രീന്‍ ഷോട്ടുകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ഇരുവരും പ്രതികരിച്ചത്. പൂജാ തിവാരി വിഷയത്തില്‍ കേസ് നല്‍കിയിട്ടുണ്ട്. ഷദോള്‍ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും ബിജെപിയാണ് തെരഞ്ഞെടുപ്പില്‍ വിജയം നേടിയത്. ജയ്ത്പൂരില്‍ കടുത്ത മത്സരത്തിനൊടുവില്‍ ബിജെപിയുടെ മനീഷ് സിംഗ് ഉമ ധുര്‍വേയെ പരാജയപ്പെടുത്തി. മനീഷിന് 74,279 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഉമയ്ക്ക് 70,063 വോട്ടുകളാണ് കിട്ടിയത്.