ജയില്‍ ചാടിയ എട്ട് സിമി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിലിലൂടെ കൊല്ലപ്പെട്ടുവെന്ന സര്‍ക്കാരിന്റെ വാദത്തിനെതിരെ പ്രതിപക്ഷം ഇന്നലെത്തന്നെ രംഗത്തെത്തിയിരുന്നു. കീഴടങ്ങാന്‍ തയ്യാറാണെന്ന് വിളിച്ചുപറയുന്നവര്‍ക്ക് നേരയും നിലത്ത് കിടക്കുന്നവര്‍ക്ക് നേരെയും വെടിവെയ്‌ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് ഏറ്റുമുട്ടലിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ച് പ്രതിപക്ഷം രംഗത്തെത്തിയത്. എട്ടുപേരും ഒരുമിച്ച് ഒരിടത്ത് വച്ച് ഏറ്റുമുട്ടിയെന്നതടക്കമുള്ള സര്‍ക്കാര്‍ വിശദീകരണം തൃപ്തികരമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്‍വിജയ്സിംഗ് പറഞ്ഞു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സിമി പ്രവര്‍ത്തകര്‍ക്ക് മാത്രം ഏങ്ങനെയാണ് ജയില്‍ ചാടാന്‍ കഴിയുന്നതടക്കമുള്ള കാര്യം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഏറ്റുമുട്ടലിലൂടെയാണ് ജയില്‍ ചാടിയവരെ കൊലപ്പെടുത്തിയതെന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ചു. ഇക്കാര്യത്തില്‍ പ്രത്യേക അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി ഭുപേന്ദ്രസിംഗ് വ്യക്തമാക്കി. ജയിലില്‍ സുരക്ഷാവീഴ്ചയുണ്ടായെന്ന് സമ്മതിച്ച ആഭ്യന്തരമന്ത്രി ഇക്കാര്യം എന്‍.ഐ.എ അന്വേഷിക്കുമെന്നും വ്യക്തമാക്കി. ഏറ്റുമുട്ടലിനെക്കുറിച്ചുള്ള പ്രതിപക്ഷ ആരോപണത്തിനെതിരെ മുഖ്യമന്ത്രിയും രംഗത്തെത്തി. വോട്ട് ബാങ്കിന് വേണ്ടി സംഊവം രാഷ്‌ട്രീയവത്ക്കരിക്കാനാണ് ശ്രമമെന്നും കൊല്ലപ്പെട്ടവര്‍ തീവ്രവാദികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തെക്കുറിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍, സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 15 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
