ഭോപാല്‍: സമരത്തിനെത്തിയ കർഷകരെ പിടികൂടി പൊലീസ് സ്റ്റേഷനിൽ അടിവസ്ത്രത്തിൽ നിർത്തി. മധ്യപ്രദേശിലെ ബുണ്ടൽകണ്ഡ് ടൗൺ പൊലീസ് ആണ് കർഷകരെ സ്റ്റേഷനിൽ എത്തിച്ച് നിർബന്ധപൂർവം വസ്ത്രം അഴിപ്പിച്ചത്. ബുണ്ടൽകണ്ഡ് ജില്ലാ കലക്ടറേറ്റിലേക്ക് കോൺഗ്രസ് പിന്തുണയോടെ കര്‍ഷകര്‍ നടത്തിയ മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത കർഷകരെയാണ് വിവസ്ത്രരാക്കിയത്.
പ്രതിഷേധം സംഘർഷത്തിന് വഴിവെച്ചതിനെ തുടർന്ന് സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ലാത്തിച്ചാര്‍ജ്ജും നടത്തി. തുടര്‍ന്നാണ് 40ഒാളം കർഷകരെ സ്റ്റേഷനില്‍ കൊണ്ടുപോയി മർദിച്ചു. തുടര്‍ന്ന് വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി അടിവസ്ത്രത്തിൽ നിർത്തുകയായിരുന്നു. സംഭവം മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ദേശീയ മനുഷ്യാവകാശ കമീഷന് തെളിവുകൾ സഹിതം പരാതി നൽകുമെന്നും പ്രാദേശിക കോൺഗ്രസ് നേതാക്കൾ അറിയിച്ചു. എന്നാല്‍ പ്രതിഷേധക്കാർ കല്ലേറ് തുടങ്ങിയപ്പോഴാണ് പൊലീസ് നടപടി ഉണ്ടായതെന്നാണ് പൊലീസ് സൂപ്രണ്ട് കുമാർ പ്രതീക് വിശദീകരിച്ചത്.
മധ്യപ്രദേശിലെ ദുരിതപൂർണമായ കാർഷിക മേഖലയാണ് ബുണ്ടൽകണ്ഡ്. വായ്പ എഴുതിതള്ളലുമായി ബന്ധപ്പെട്ട് ജൂണിൽ നടത്തിയ മാർച്ചിന് നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ അഞ്ച് കർഷകർ കൊല്ലപ്പെട്ടിരുന്നു. ഇത്തവണ പ്രതിഷേധിച്ച കര്‍ഷകരെ കലക്ടർ കാണാൻ കൂട്ടാക്കാതിരുന്നതാണ് സമരം സംഘർഷത്തിനിടയാക്കിയത്. പൊലീസ് നടപടിയിൽ 30ഒാളം കർഷകർക്ക് പരിക്കേറ്റിരുന്നു.
