ദില്ലി: രാജ്യസഭാ അംഗത്വം രാജി വയ്ക്കുമെന്ന് ജെഡിയു കേരള ഘടകം അധ്യക്ഷന്‍ എം പി വീരേന്ദ്രകുമാര്‍. മൂന്ന് ദിവസത്തിനകം ദില്ലിയിലെത്തി രാജിക്കത്ത് ശരദ് യാദവിന് കൈമാറുമെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. ജെഡിയു കേരള ഘടകത്തിന്റെ ഏക രാജ്യസഭാ അംഗമാണ് വീരേന്ദ്രകുമാര്‍. നിതീഷ് കുമാറിന്റെ എംപിയായി തുടരാനില്ലെന്ന് നേരത്തേ വീരേന്ദ്രകുമാര്‍ വ്യക്തമാക്കിയിരുന്നു.

ഇടതുമുന്നണിയിലേക്ക് തിരിച്ച് പോകുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും എല്‍ഡിഎഫിലേക്ക് പോകണോ എന്ന കാര്യം പാര്‍ട്ടിയുടെ സംസ്ഥാനസമിതിയാണ് തീരുമാനിക്കേണ്ടതെന്നും അക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നുമായിരുന്നു അദ്ദേഹം വ്യക്തമാക്കിയിരുന്നത്. ശരത് യാദവ് പക്ഷം ദുര്‍ബലമാണെന്നും പാര്‍ട്ടി നിതീഷിന്റെ കൈകളിലാണെന്നും വീരേന്ദ്രകുമാര്‍ നേരത്തേ പറഞ്ഞിരുന്നു. അതേസമയം രാജിയ്ക്ക് ശേഷം ഇടതുമുന്നണിയില്‍ ചേരുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. 

 ബിഹാറില്‍ ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാര്‍ ബിജെപിയോടൊപ്പം ചേര്‍ന്നതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നുണ്ട്. നിതീഷ് കുമാറിന്റെ തീരുമാനങ്ങളെ തള്ളിയ ശരത് യാദവിനൊപ്പമാണ് ജെഡിയു കേരള ഘടകം ഇപ്പോള്‍.