മധ്യപ്രദേശിലെ റോഡുകള്‍ അമേരിക്കയിലെ റോഡുകളേക്കാള്‍ മികച്ചതാണെന്ന പ്രസ്താവനയെ തുടര്‍ന്ന് ട്രോള്‍ മഴയില്‍ കുളിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഉദ്ദേശിച്ച് നടത്തിയ അമേരിക്കന്‍ സന്ദര്‍ശനത്തിലെ പ്രസ്താവനയാണ് ശിവരാജ് സിംഗ് ചൗഹാനെ വെട്ടിലാക്കിയത്.

അമേരിക്കയില്‍ വിമാനമിറങ്ങി റോഡിലൂടെ സഞ്ചരിച്ചപ്പോള്‍ മധ്യ പ്രദേശിലെ റോഡുകള്‍ ആണ് ഭേദമെന്ന് തോന്നിപ്പോയെന്നായിരുന്നു ശിവരാജ് സിംഗ് ചൗഹാന്റെ പ്രസ്താവന. താന്‍ അധികാരത്തിലെത്തുന്നതിന് മുന്‍പ് മധ്യപ്രദേശിലെ റോഡുകളുടെ സ്ഥിതി പരിതാപകരമായിരുന്നെന്നും ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു. 

പ്രസ്താവനയ്ക്ക് പിന്നാലെ മധ്യപ്രദേശിലെ തകര്‍ന്ന റോഡുകളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് ട്വിറ്ററില്‍ പ്രതികണം എത്തിത്തുടങ്ങി. ചൗഹാനെ പരിഹസിച്ചും അല്ലാതെയും നിരവധി പ്രതികരണങ്ങളാണ് എത്തുന്നത്. വെള്ളം കയറി തകര്‍ന്ന റോഡിലൂടെ ചൗഹാനെ എടുത്തു കൊണ്ട് പോവുന്ന ചിത്രവും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 65.8 ലക്ഷം കിലോ മീറ്ററിലധികം നീളമുണ്ട് അമേരിക്കയിലെ റോഡുകള്‍ക്ക്. സംസ്ഥാന തലസ്ഥാനത്തുള്ള മോശം റോഡുകള്‍ക്കു് സ്ഥിരം പഴി കേട്ടിട്ടുള്ള ഭരണകൂടമാണ് ചൗഹാന്റേത്.