മുംബൈ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സുരേഷ് ഗോപി എംപി. കണ്ണൂരില്‍ സമാധാനശ്രമമെന്ന് മുഖ്യമന്ത്രി പറയുന്നത് നാടകമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സമാധാന ശ്രമമല്ല വേണ്ടത്. അത് നടപ്പിലാക്കുകയാണ് വേണണ്ടത്. ആയുധം ആരെടുത്താലും അത് അവസാനിപ്പിക്കുമെന്ന് പറയാനുള്ള ആര്‍ജവം കാട്ടണമെന്നും സുരേഷ് ഗോപി പറഞ്ഞു. മുംബൈയിലെ പന്‍വേവിലെ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചരണത്തിനെത്തിയതായിരുന്നു അദ്ദേഹം.

എംപി ഫണ്ട് വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ക്കും സുരേഷ് ഗോപി മറുപടി നല്‍കി. ഇടത്-വലത് കക്ഷികള്‍ തടസം നില്‍ക്കുന്നതുകൊണ്ടാണ് ഫണ്ട് വിനിയോഗിക്കാന്‍ കഴിയാത്തത്. ഫണ്ട് വിനിയോഗിക്കാന്‍ ഈ മാക്രിക്കൂട്ടങ്ങളുടെ ഔദാര്യം വേണ്ടി വരുന്നു. ഓരോ പഞ്ചായത്തിലേക്കും ചെല്ലുമ്പോള്‍ ഇത് ബിജെപി ആധിപത്യം നേടിയെടുക്കാന്‍ കൊണ്ടുവരുന്ന പദ്ധതിയാണെന്ന് പറഞ്ഞ് അതിന്റെ എസ്റ്റിമേറ്റ് നല്‍കാതിരിക്കുകയാണ് ചെയ്യുന്നത്. 

എസ്റ്റിമേറ്റ് നല്‍കിയാല്‍ അത് നടപ്പിലാക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുക തുടങ്ങിയവയാണ് ഇടത്-വലത് കക്ഷികള്‍ ചെയ്യുക എന്നും സുരേഷ് ഗോപി പറഞ്ഞു. എംപി ഫണ്ടായി ലഭിച്ച അഞ്ചുകോടിയില്‍ ഒരു കോടി രൂപയില്‍ താഴെ മാത്രമാണ് സുരേഷ് ഗോപി ചെലവഴിച്ചതെന്ന ആരോപണം ഉയര്‍ന്നിരുന്നു.