കമ്പാല: ഭരണഘടന ഭേദഗതിക്കായി സമ്മേളിച്ച ഉഗാണ്ടന്‍ പാര്‍ലമെന്‍റില്‍ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി‍. ബഹളത്തിനിടയില്‍ എംപിമാരില്‍ ചിലര്‍ മൈക്ക് സ്റ്റാന്‍ഡുകള്‍ എടുത്ത് സഹപ്രവര്‍ത്തകരെ പൊതിരെ തല്ലി. കസേരയേറും കയ്യൂക്കും സഭയെ പ്രക്ഷുബ്‌ധമാക്കിയപ്പോള്‍ രംഗം ശാന്തമാക്കാന്‍ ശ്രമിച്ചവര്‍ക്കും നന്നായി കൊണ്ടു.അക്രമത്തില്‍ രണ്ട് വനിതാ അംഗങ്ങളടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റു.

നിലവിലെ ഭരണഘടന പ്രകാരം ഉഗാണ്ടയില്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ 75 വയസാണ് പ്രായപരിധി. എന്നാല്‍ നിലവില്‍ 73 വയസായ പ്രസിഡന്‍റ് യൊവേരി മുസേവനിക്ക് 2021ല്‍ മല്‍സരിക്കണമെങ്കില്‍ ഈ നിയന്ത്രണം ഒഴിവാകണം. ഇതിനായാണ് ഭരണഘടന ഭേദഗതി ചെയ്യാന്‍ മുസേവനിപക്ഷം ശ്രമിക്കുന്നത്. യൊവേരി മുസേവനിയുടെ നീക്കത്തെ ഏതിര്‍ത്ത് വ്യാപകമായ പ്രതിഷേധമാണ് ഉഗാണ്ടയില്‍ നടക്കുന്നത്.