പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ സുനിൽ ജാഖറിന്‍റെ നേതൃത്വത്തിലാണ് മൂന്ന് കോൺഗ്രസ് എം.പിമാര്‍ പാര്‍ലമെന്‍റ് കവാടത്തിന്‍റെ മേൽക്കൂരയിൽ കയറി പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിച്ചത്

ദില്ലി: ഇറാഖിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ വധിച്ച ഇന്ത്യക്കാരുടെ കുടുംബാംഗങ്ങൾക്ക് കേന്ദ്രസര്‍ക്കാര്‍ ധനസഹായം നൽകണമെന്നാവശ്യപ്പെട്ട് പഞ്ചാബില്‍ നിന്നുള്ള കോൺഗ്രസ് എം.പിമാര്‍ പാര്‍ലമെന്‍റ് കവാടത്തിന്‍റെ മേൽക്കൂരയിൽ കയറി പ്രതിഷേധിച്ചു. തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി പത്ത് ലക്ഷം രൂപ വീതം സഹായം പ്രഖ്യാപിച്ചു. കൊല്ലപ്പെട്ടവര്‍ അനധികൃതമായാണ് ഇറാഖിലെത്തിയതെന്നായിരുന്നു വിദേശകാര്യ സഹമന്ത്രി വി.കെ സിംഗിന്‍റെ പ്രതികരണം

പഞ്ചാബിൽ നിന്നുള്ള 27പേര്‍ ഉൾപ്പെടെ 39 ഇന്ത്യക്കാരെയാണ് മൊസൂളിൽ ഇസ്ലാമിക് സ്റ്റേറ്റ് വധിച്ചത്. മൃതദേഹാവശിഷ്ടങ്ങൾ ഇന്നലെ നാട്ടിലെത്തിച്ചു. എന്നാൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചില്ല. ഇതിനെതിരെയാണ് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ സുനിൽ ജാഖറിന്‍റെ നേതൃത്വത്തിൽ മൂന്ന് കോൺഗ്രസ് എം.പിമാര്‍ പാര്‍ലമെന്‍റ് കവാടത്തിന്‍റെ മേൽക്കൂരയിൽ കയറി പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിച്ചത്. ഗാന്ധി പ്രതിമയ്ക്ക് മുന്നിലും എം.പിമാര്‍ പ്രതിഷേധിച്ചു.

തൊട്ടുപിന്നാലെ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ പ്രഖ്യാപിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിപ്പെത്തി. കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും ഒരാൾക്ക് സര്‍ക്കാര്‍ ജോലിയും ഇന്നലെ പഞ്ചാബ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതിന് ഇറാഖിലെ ഒരു എംബസിയിലും രേഖകളില്ലെന്നും മതിയായ രേഖകളില്ലാതെ രാജ്യം വിടുന്നത് തടയാൻ സംസ്ഥാന സര്‍ക്കാരുകളും നടപടികളെടുക്കണമെന്നും വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ് ആവശ്യപ്പെട്ടു. വിദേശത്ത് ജോലി ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സംവിധാനമുണ്ടാക്കണമെന്ന് പാര്‍ലമെന്‍ററികാര്യ സമിതി വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നൽകി.