ദില്ലി: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കാന്‍ എംപിമാര്‍ക്ക് പ്രധാനമന്ത്രിയുടേയും അമിത്ഷായുടേയും നിര്‍ദ്ദേശം. കൂടുതല്‍ ജോലി ചെയ്യേണ്ട സമയമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എംപിമാരോട് പറഞ്ഞു.ഇതിനിടെ ഗോവയിലും മണിപ്പൂരിലും ബിജെപി ഭരണം മോഷ്ട്ടിച്ചുവെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചു.

ഉത്തര്‍പ്രദേശ് ഉള്‍പ്പെട അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നല്‍കിയ ആത്മവിശ്വാസം നിലനിര്‍ത്തിമുന്നോട്ട് പോകാനാണ്
ബിജെപി തീരുമാനം. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന കണക്ക്കൂട്ടലില്‍ പ്രവര്‍ത്തനം തുടങ്ങാനുള്ള നിര്‍ദ്ദേശം പ്രധാനമന്ത്രിയും പാര്‍!ട്ടി അധ്യക്ഷനും എംപിമാര്‍ക്ക് നല്‍കി. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം നടന്ന ബിജെപി പാര്‍ലമന്ററി പാര്‍ട്ടിയുടെ ആദ്യയോഗത്തില്‍ അമിത്ഷാ ഇതിനുള്ള റോഡ് മാപ്പ് അവതരിപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായെയും എംപിമാര്‍ അനുമോദിച്ചു. മോദിയുടെ വിജയമാണെന്നായിരുന്നു അമിത്ഷായുടെ മറുപടി. നോട്ട് അസാധുവാക്കലിനുള്ള പിന്തുണ കൂടിയാണ് ജനവിധി. സര്‍ക്കാറിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ താഴേത്തട്ടിലെത്തിക്കാന്‍ യുവാക്കളെ അംബാസിഡറാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശം. ഇതിനിടെ ഗോവയിലും മണിപ്പൂരിലും ബിജെപി ഭരണം മോഷ്ടിച്ചുവെന്നാവര്‍ത്തിച്ചരോപിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ജനങ്ങളെ കബളിപ്പിച്ചുവെന്നും വിമര്‍ശിച്ചു. കോടികളിറക്കിയാണ് ബിജെപി കുതിരക്കച്ചവടം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.