കണ്ണൂര്‍: നിസാം ഫോൺവിളിച്ച സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. കേസിന്റെ ആവശ്യത്തിനായി നിസാമിനെ ബംഗലൂരുവിലേക്ക് കൊണ്ടുപോയ കണ്ണൂർ എ ആർ ക്യാമ്പിലെ മൂന്ന് പൊലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്. നിസാമിനെ 20ന് ബംഗലുരുവിൽ കോടതിയിൽ ഹാജരാക്കാനായി കൊണ്ടുപോയ അജിത്കുമാർ, രതീഷ്, വിനീഷ് എന്നീ പൊലീസുകാരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.

ഇന്റലിജൻസ് ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിൽ ഇവർക്ക് വീഴ്ച്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. കോടതിയിൽ ഹാജരാക്കാനായി ഏൽപ്പിച്ച പ്രതിയുടെ പൂർണ ഉത്തരവാദിത്തം പൊലീസിനാണെന്നിരിക്കെ, കസ്റ്റഡിയിൽ നിസാം ഫോൺ ചെയ്തത് പൂർണ്ണമായും ഇവരുടെ വീഴ്ച്ചയാണെന്ന് കണ്ടെത്തിയാണ് സസ്പെൻഷൻ. ഇന്റലിജൻസ് ഡിവൈഎസ്പി നടത്തിയ അന്വേഷണപ്രകാരം ജില്ലാ പൊലീസ് മേധാവി സഞ്ജയ് ഗുരുദിനാണ് നടപടിയെടുത്തത്.

അതേസമയം വിളിക്കാനായി ഫോൺ കൈമാറിയ നിസാമിന്റെ ജിവനക്കാരായ ഷിബിൻ, രതീഷ് എന്നീവരിൽ നിന്ന് തിങ്കളാഴ്ച മൊഴി രോഖപ്പെടുത്തും. ഇരുവരും ജയിലിലെത്തി നിസാമിനെ കണ്ടിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. തുടർന്ന് ബംഗലൂരുവിലേക്ക് നിസാമിനെ കൊണ്ടുപോയപ്പോൾ ഇരുവരും അനുഗമിച്ചിരുന്നു. ഈ സമയത്താണ് ഫോൺ കൈമാറിയതെന്നാണ് നിഗമനം. ഇതോടൊപ്പം പരാതിക്കാരും നിസാമിന്റെ സഹോദരന്മാരുമായ അബ്ദുൾ നിസ്സാർ, അബ്ദുൾ റസാഖ് എന്നിവരിൽ നിന്നും ഇന്ന് മൊഴിയെടുത്തു.

നിസാം ഫോണുപയോഗിച്ച സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി സുരേഷ്കുമാറിനാണ് അന്വേഷണ ചുമതല. മൊഴികൾ രേഖപ്പെടുത്തുന്നതിനോടൊപ്പം പരാതിക്കർ ഹാജരാക്കിയ ഫോൺ സംഭാഷണങ്ങളും പരിശോധിക്കും. സൈബർ സെല്ലിന്റെ സഹായവും തേടും. ജയിലിനുള്ളിൽ നടത്തിയ പരിശോധനയിൽ ഫോണുകൾ കണ്ടെത്താനായില്ലെങ്കിലും ഈ സാധ്യത കണക്കിലെടുത്ത് സഹതടവുകാരുടെ മൊഴിയെടുക്കുന്നുണ്ട്.

ജയിലിനുള്ളിൽ നിന്ന് നിസാം വിളിച്ചതായി പുറത്ത് വന്ന രണ്ട് മൊബൈൽ നമ്പരുകളിന്മേലും ജയിലിനുള്ളിൽ അന്വേഷണം നടക്കുന്നുണ്ട്.ഫോൺ വിളിയിൽ ജയിലിനകത്ത് വീഴ്ച്ചകളൊന്നും സംഭവിച്ചിട്ടില്ലെന്ന റിപ്പോർട്ടാണ് ജയിലധികൃതർ നൽകിയിരിക്കുന്നത്.