കൊച്ചി: ചന്ദ്രബോസ് കൊലക്കേസ് പ്രതി മുഹമ്മദ് നിഷാമിനെ കൊച്ചിയിലെത്തിച്ചു. കൊച്ചിയിലുള്ള അമ്മയെ കാണാൻ മൂന്ന് ദിവസത്തേക്ക് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതേത്തുടർന്ന് ഇന്നലെ രാത്രിയാണ് തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്നും എറണാകുളം സബ്ജെയിലിൽ എത്തിച്ചത്.  

രാവിലെ കലൂരിലുള്ള ഫ്ലാറ്റിലേക്ക് കൊണ്ടു പോയി. രാവിലെ പത്ത് മണി മുതൽ അഞ്ച് മണി വരെ നിഷാമിന് അമ്മയ്ക്കൊപ്പം ഫ്ലാറ്റില്‍ ചിലവഴിക്കാം. അഞ്ച് മണിക്ക് ശേഷം തിരിച്ച് എറണാകുളം സബ് ജയിലിലേക്ക് മടങ്ങണം. 

അമ്മ അല്ലാതെ മറ്റാരെയും കാണരുതെന്ന ഉപാധിയോടെയാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. തൃശൂരിലെ സെക്യൂരിറ്റി ജീവനക്കാരാനായ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിൽ മുഹമ്മദ് നിഷാമിന് ജീവപര്യന്തവും 24 വർഷത്തെ തടവുശിക്ഷയുമാണ് ലഭിച്ചത്.