കേരളത്തില്‍ മുജാഹിദ് പ്രസ്ഥാനത്തിലെ രണ്ട് പ്രബല സംഘടനകള്‍ തമ്മില്‍ പുനരേകീകരണം നടന്നതിനു പിന്നാലെയാണ് ജിദ്ദയില്‍ കഴിഞ്ഞ ദിവസം ഇസ്ലാഹി ഐക്യസമ്മേളനം നടന്നത്. ഇരുസംഘടനകളുടെയും പോഷകഘടകങ്ങളായ ഇസ്ലാഹി സെന്ററുകള്‍ സംയുക്തമായി സംഘടിപ്പിച്ച സമ്മേളനത്തില്‍ കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ്‌ ടി.പി അബ്ദുല്ലക്കോയ മദനി, വൈസ് പ്രസിഡന്റ്‌ ഹുസൈന്‍ മടവൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇരു സംഘടനകളും യോജിച്ചതോടെ അവയുടെ പോഷകഘടകങ്ങളും ഒന്നിച്ചതായി നേതാക്കള്‍ അറിയിച്ചു. 

ഭിന്നിച്ച്‌ 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ട് മുജാഹിദ് വിഭാഗങ്ങള്‍ തമ്മില്‍ ലയിച്ചത്. ഇനിയും യോജിക്കാത്തവര്‍ക്ക് തങ്ങളുടെ കവാടം തുറന്നു വച്ചിരിക്കുകയാണെന്ന് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നേതാക്കള്‍ പറഞ്ഞു. മുജാഹിദ് സംഘടനകള്‍ ഐക്യപ്പെട്ടത് പോലെ ഭിന്നിച്ചു നില്‍ക്കുന്ന മറ്റു മുസ്ലിം സംഘടനകളും ഐക്യപ്പെടണമെന്നും അതിനു മധ്യസ്ഥത വഹിക്കാന്‍ മുജാഹിദ് പ്രസ്ഥാനം തയ്യാറാണെന്നും നേതാക്കള്‍ പറഞ്ഞു. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗദി എന്ന പേരിലായിരിക്കും സൗദിയില്‍ ഇനിമുതല്‍ പ്രവര്‍ത്തിക്കുക.

സൗദിയില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി അഡ്ഹോക് കമ്മിറ്റിയെ സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചു. സൗദി പ്രതിനിധികളും മലയാളീ സാമൂഹിക സാംസ്കാരിക സംഘടനാ പ്രതിനിധികളും ഐക്യ സമ്മേളനത്തില്‍ പങ്കെടുത്തു.