പ്രമുഖ വ്യവസായിയായ മുകേഷ് അംബാനി പശ്ചിമ ബംഗാളില്‍ 1000 കോടിയുടെ നിക്ഷേപം നടത്താനൊരുങ്ങുന്നു.
കൊല്‍ക്കത്ത: പ്രമുഖ വ്യവസായിയായ മുകേഷ് അംബാനി പശ്ചിമ ബംഗാളില്‍ 1000 കോടിയുടെ നിക്ഷേപം നടത്താനൊരുങ്ങുന്നു. അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് ബംഗാളില്‍ നിക്ഷേപത്തിനൊരുങ്ങുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ ഈ നീക്കത്തിന് പിന്നീല്‍ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. പ്രമുഖ വാര്‍ത്താ ഏജന്‍സിയാണ് ഇത്തരത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
റിലയന്‍സിന്‍റെ നിലവിലുള്ള റീടെയില്‍ ഷോപ്പുകളുമായി ചെറുകിട കച്ചവടക്കാരെകൂടി ബന്ധിപ്പിക്കുന്ന വലിയ പദ്ധതിയാണ് മുകേഷ് അംബാനിയുടെ ലക്ഷ്യം. ബംഗാളില്‍ മാത്രം 500 ല്‍ കൂടുതല്‍ റീട്ടെയില്‍ ഷോപ്പുകള്‍ റിലയന്‍സിനുണ്ട്. പുതിയ സരംഭത്തിലൂടെ കൂടുതല്‍ നേട്ടമുണ്ടാകുമെന്നും 30 മില്യണ്‍ ചെറുകിട കച്ചവടക്കാര്‍ക്ക് നേട്ടം ലഭിക്കുമെന്നും മുകേഷ് അംബാനി വ്യക്തമാക്കി. ബംഗാളില്‍ റിലയന്‍സിന്‍റെ ടെലികോം സേവനങ്ങളും വികസിപ്പിക്കാന്‍ തനിക്ക് പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്തയില്‍ നടന്ന ആഗോള വ്യാപാര ഉച്ചകോടിയില്‍ അംബാനിയുടെ ഈ പ്രഖ്യാപനം.
അതേസമയം, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കുമെതിരെ പ്രതിപക്ഷ മഹാറാലി സംഘടിപ്പിക്കുകയും കേന്ദ്ര സര്‍ക്കാരുമായി തുറന്ന് ഏറ്റുമുട്ടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അംബാനിയുടെ നിക്ഷേപ പ്രഖ്യാപനം. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ മഹാസഖ്യത്തില്‍ നിര്‍ണായക ശക്തിയാവുമെന്ന് വിലയിരുത്തപ്പെടുന്ന പാര്‍ട്ടിയാണ് തൃണമൂല്‍.
