നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യാദവ കുടുംബത്തിലെ മൂപ്പിളമത്തര്‍ക്കം സമാജ്‍വാദി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. മുഖ്യമന്ത്രി അഖിലേഷ് യാദവും അച്ഛനും പാര്‍ട്ടി നേതാവുമായ മുലായം സിംഗ് യാദവും തമ്മില്‍ ഏറെ നാളായി അഭിപ്രായ വ്യത്യാസത്തിലാണ്. ഇതിന് ഒടുവിലാണ് അഖിലേഷിനെ പാര്‍ട്ടി അധ്യക്ഷസ്ഥാനത്ത് നിന്ന് മുലായം സിംഗ് മാറ്റിയത്. മുലായത്തിന്റെ സഹോദരനും മന്ത്രിസഭാംഗവുമായി ശിവ്പാല്‍ യാദവിനെ അധ്യക്ഷനാക്കി, ശിവ്പാല്‍ യാദവിനെ പൊതുമരാമത്ത്, റവന്യൂ, ജലവിഭവം, സഹകരണം എന്നീ വകുപ്പുകളില്‍ നിന്ന് മാറ്റി പകരം സാമൂഹ്യക്ഷേമവകുപ്പ് നല്‍കിയായിരുന്നു അഖിലേഷിന്റെ തീരുമാനം.
ശിവ്പാലിന്റെ വിശ്വസ്തനായ ചീഫ് സെക്രട്ടറി ദീപക് സിംഗാളിനേയും കഴിഞ്ഞ ദിവസം അഖിലേഷ് യാദവ് മാറ്റിയിരുന്നു. അഴിമതി ആരോപണത്തില്‍ അഖിലേഷ് പുറത്താക്കിയ രണ്ട് മന്ത്രിമാരും മുലായത്തിന്റെ വിശ്വസ്തരായിരുന്നു. കുടുംബത്തില്‍ പ്രശ്നമില്ലെന്ന് പറഞ്ഞ അഖിലേഷ് സര്‍ക്കാരില്‍ പ്രശ്നമുണ്ടെന്ന് സമ്മതിച്ചു. ചില തീരുമാനങ്ങള്‍ സ്വയം എടുക്കും മറ്റുചിലത് മുലായത്തോട് ആലോചിച്ച ശേഷവും തീരുമാനിക്കുമെന്നും അഖിലേഷ് വിശദീകരിച്ചു. ലഖ്നൗവിലെ ഔദ്യോഗിക പരിപാടികളും അഖിലേഷ് റദ്ദാക്കി.
