ലക്നോ: ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിയിലെ ഉൾപ്പോരിന് താല്‍ക്കാലിക ശമനം. സമാജ് വാദി പാർട്ടി അധ്യക്ഷൻ മുലായം സിംഗ് യാദവ് മുന്നോട്ട് വച്ച നിർദ്ദേശങ്ങളാണ് പാർട്ടിയിലെ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമുണ്ടാക്കിയത്.താൻ ഉള്ളിടത്തോളം പാർട്ടിയിൽ ഭിന്നതയുണ്ടാകില്ലെന്ന് മുലായം സിംഗ് യാദവ് പറഞ്ഞു. 

മൂന്ന് ദിവസത്തിലധികമായി ഉത്തർപ്രദേശിലെ സമാജ് വാദി പാർട്ടിയിൽ ഉടലെടുത്ത ഉൾപ്പോര് ശമിപ്പിക്കാൻ മൗനം വെടിഞ്ഞ് അവസാനം മുലായംസിംഗ് യാദവ് തന്നെ രംഗത്തെത്തുകയായിരുന്നു.മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും സഹോദരനും പാർട്ടി സംസ്ഥാന അധ്യക്ഷനുമായ ശിവ്പാൽ യാദവും തമ്മിലുള്ള പോര് ശമിപ്പിക്കാൻ നാല് പ്രധാന നിർദ്ദേശങ്ങളാണ് മുലായം മുന്നോട്ട് വച്ചത്. അഖിലേഷ് യാദവിന് പാർട്ടിയിൽ കൂടുതൽ പ്രധാന്യമുള്ള സ്ഥാനം നൽകുമ്പോൾ ശിവ്പാൽ യാദവിനെ സംസ്ഥാന അധ്യക്ഷനായി തന്നെ നിലനിർത്തും.

നേരത്തെ അദേഹത്തിൽ നിന്നും എടുത്തു കളഞ്ഞ മൂന്ന് സ്ഥാനങ്ങൾ തിരികെ നൽകുകയും ചെയ്യും. മന്ത്രിസഭയിൽ നിന്ന് പുരത്താക്കിയ ഗായത്രി പ്രജാപതിയെ തിരിച്ചെടുക്കുമ്പോൾ പാർട്ടിയിലേക്ക് തിരിച്ചെത്തിയ അമർ സിംഗിനെതിരെ നടപടി ഉണ്ടാകാനാണ് സാധ്യത.സമാജ്‌വാദി പാർട്ടി ഒരു കുടുംബമാണെന്നും താനുള്ളടത്തോളം പാർട്ടിയിൽ ഭിന്നതയുണ്ടാകില്ലെന്നും മുലായം പാർട്ടി പ്രവർത്തകുടെ യോഗത്തിൽ പറഞ്ഞു.

തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നതെന്നും വിജയത്തിനായി ഒറ്റക്കെട്ടാകണമെന്നും മുലായം പറഞ്ഞു.ഭിന്നത രൂക്ഷമായതിനെത്തുടർന്ന് ശിവ്പാൽ യാദവ് പാർട്ടി അധ്യക്ഷ സ്ഥാനത്തുനിന്നും മന്ത്രിസഭയിൽ നിന്നും രാജിവച്ചിരുന്നു.എന്നാൽ രാജി അഖിലേഷ് യാദവ് സ്വീകരിച്ചിരുന്നില്ല...പ്രശ്നം രൂക്ഷമായതിനെത്തുടർന്നാണ് മുലായംസിഗ് യാദവ് നേരിട്ട് ഇടപെട്ട് സമവായമുണ്ടാക്കിയത്.