തിരുവനന്തപുരം: സര്‍ക്കാരിന്‍റെ 50 കോടി രൂപ വനിതാ മതിലിന് ചെലവഴിക്കുമെന്ന് പറ‍ഞ്ഞെങ്കിലും ഏറ്റവും കുറഞ്ഞത് 500 കോടി രൂപയെങ്കിലും ഇതിന് ചെലവായിട്ടുണ്ട് എന്ന്  കെപിസിസി അധ്യക്ഷന്‍ മുല്ലപള്ളി രാമചന്ദ്രൻ. വനിത മതിൽ ഒരു ചലനവും ഉണ്ടാക്കിയിട്ടില്ലെന്നു  മുല്ലപള്ളി രാമചന്ദ്രൻ പറ‍ഞ്ഞു. മതന്യൂനപക്ഷങ്ങളെ പൂര്‍ണമായി മാറ്റിനിര്‍ത്തിയ മതില്‍  വർഗീയ മതിൽ ആണെന്ന് തെളിഞ്ഞു.

ബന്ത് സമാനമായ സാഹചര്യം സൃഷ്ടിച്ചാണ് മതില്‍ കെട്ടിയത്. സര്‍ക്കാര്‍ മെഷീനറി പൂര്‍ണമായും ദുരുപയോഗം ചെയ്തു. സെക്രട്ടേറിയറ്റിലും സര്‍ക്കാര്‍ ഓഫീസികളിലും അപ്രഖ്യാപിത അവധിയായിരുന്നു. ഒരു സ്വേച്ഛാധിപത്യ ഭരണകൂടത്തിന്‍രെ ആജ്ഞയ്ക്ക് കീഴടങ്ങാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരായെന്നും മുല്ലപ്പള്ളി പറഞ്ഞു. 
പ്രളയത്തില്‍പ്പെട്ടവര്‍ക്ക് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയും 10000 രൂപയ്ക്ക് വേണ്ടി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയും ചെയ്യുമ്പോഴാണ് ഈ ധൂര്‍ത്ത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.