മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തണമെന്നും പുതിയ അണക്കെട്ട് വേണമെന്ന ആവശ്യത്തില്‍ നിന്നു കേരളം പിന്മാറണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട്ടില്‍ സമരം ആരംഭിക്കുന്നു. സമരത്തിന്‍റെ ആദ്യ പടിയായി ജൂലൈ 19-ന് കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ഗൂഡല്ലൂരില്‍ ഏകദിന ഉപവാസം നടത്തും.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിയെ കണ്ട് അവശ്യം ഉന്നയിച്ചിരുന്നു. ജലനിരപ്പ് ഉയര്‍ത്തരുതെന്ന് കേരളവും ആവശ്യപ്പെട്ടതോടെയാണ് തമിഴ്നാട്ടിലെ കര്‍ഷകര്‍ കഴിഞ്ഞ ദിവസം കമ്പത്ത് യോഗം ചേര്‍ന്നത്. മുല്ലപ്പെരിയാര്‍ വെള്ളം ഉപയോഗിച്ച് കൃഷി ചെയ്യുന്ന മേഖലകളിലെ വിവിധ കര്‍ഷക സംഘടനാ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായത് തമിഴ്നാട്ടിലെ കര്‍ഷകരെ ചൊടിപ്പിച്ചിട്ടുണ്ട്. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ അനുവദിക്കരുതെന്നും ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തണമെന്നും അവശ്യപ്പെട്ട് സമര രംഗത്തിറങ്ങാനാണ് യോഗത്തില്‍ തീരുമാനമായത്.
അണക്കെട്ടിന്‍റെ സുരക്ഷാ ചുമതലയില്‍ നിന്നു കേരളാ പൊലീസിനെ മാറ്റി കേന്ദ്ര സേനയെ നിയോഗിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. ജലനിരപ്പ് ഉയര്‍ത്തുന്നതിന് അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിന് ആവശ്യമായ എന്‍ജിനീയര്‍മാരെ നിയമിക്കണമെന്നും ഫണ്ടനുവദിക്കണമെന്നും സര്‍ക്കാരിനോട് അവശ്യപ്പെടും. സമരത്തിനു മുമ്പ് ദില്ലിയിലെത്തി കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധി സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി എന്നിവരുമായി കൂടിക്കാഴ്ച നടത്തി സഹായം അഭ്യര്‍ത്ഥിക്കാനും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. ഗൂഡല്ലൂരില്‍ നടത്തുന്ന ഉപവാസത്തില്‍ അഞ്ചു ജില്ലകളില്‍ നിന്നുള്ള കര്‍ഷകരെ പങ്കെടുപ്പിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
