സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭയാണ് പാലക്കാട്ടേത്. നാല് മാസം മുമ്പ് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയങ്ങളിലൂടെ ബിജെപിയുടെ നാല് സ്ഥിരം സമിതി അധ്യക്ഷൻമാരെ ഇടത് പിന്തുണയോടെ പുറത്താക്കിയിരുന്നു
പാലക്കാട്: പാലക്കാട് നഗരസഭയിലെ ബിജെപി ഭരണം അവസാനിപ്പിക്കാൻ സിപിഎമ്മുമായി കൈകോർക്കുന്നതിൽ തെറ്റില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ. സിപിഎമ്മിനോട് അയിത്തമില്ലെന്നും കോൺഗ്രസിനോടുളള അവരുടെ മനോഭാവമാണ് മാറേണ്ടതെന്നും മുല്ലപ്പളളി പറഞ്ഞു. തിങ്കളാഴ്ചയാണ് അവിശ്വാസപ്രമേയം ചർച്ചക്കെടുക്കുന്നത്.
സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭയാണ് പാലക്കാട്ടേത്. നാല് മാസം മുമ്പ് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയങ്ങളിലൂടെ ബിജെപിയുടെ നാല് സ്ഥിരം സമിതി അധ്യക്ഷൻമാരെ ഇടത് പിന്തുണയോടെ പുറത്താക്കിയിരുന്നു. ഈ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ഇപ്പോൾ നഗരസഭാധ്യക്ഷയ്ക്കും ഉപാധ്യക്ഷനുമെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയിരിക്കുന്നത്. ബിജെപിയെ അധികാരത്തിൽ നിന്നകറ്റാൻ ഏതടവുനയവും പ്രയോഗിക്കാമെന്ന് കെപിസിപി പ്രസിഡന്റ് വ്യക്തമാക്കി.
52അംഗ കൗൺസിലിൽ ബിജെപി ക്ക് 24ഉം യുഡിഎഫിന് 18ഉം ഇടതുമുന്നണിക്ക് 9 ഉം അംഗങ്ങളാണുളളത്. ഒരു വെൽഫെയർ പാർടി അംഗവും കൗൺസിലിലുണ്ട്. പ്രതിപക്ഷത്തുളളവർ കൈകോർത്താൽ മാത്രമേ ബിജെപി ഭരണം വീഴൂ. അവിശ്വാസം പാസായാൽ ആര് ഭരണത്തിലേറുമെന്നതിനെക്കുറിച്ച് ഇനിയും വ്യക്തമായ തീരുമാനമായിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത.
