ദേവസ്വം ബോർഡ് പ്രസിഡന്‍റ് രാജിക്കത്ത് പിണറായിയുടെ മുഖത്ത് വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോകണം എന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. 

കോഴിക്കോട്: ദേവസ്വം ബോർഡ് പ്രസിഡന്‍റ് രാജിക്കത്ത് പിണറായിയുടെ മുഖത്ത് വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോകണം എന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ദേവസ്വം ബോർഡ് എന്ത് കോപ്രായമാണ് കാട്ടിയത് എന്ന് സർക്കാർ വ്യക്തമാക്കണം. ദേവസ്വം ബോർഡ് വിശ്വാസികൾക്കൊപ്പം നിൽക്കണോ സർക്കാറിനോപ്പം നിൽക്കണോ എന്ന് വ്യക്തമാക്കണം. ആത്മാഭിമാനമുള്ള ദേവസ്വം ബോർഡ് പ്രസിഡന്‍റ് രാജിവെയ്ക്കാൻ ധൈര്യം കാട്ടണം എന്നും മുല്ലപ്പളളി കോഴിക്കോട് പറഞ്ഞു. 

സർക്കാർ പറയുന്നത് പോലെയവണം കാര്യങ്ങൾ എങ്കിൽ കടകംപ്പള്ളിയെ തന്ത്രിയാക്കണം. പിണറായിക്ക് പന്തളം കുടുംബത്തിന്‍റെ ചരിത്രമറിയില്ല. പന്തളം കൊട്ടാരത്തിന്‍റെ പ്രതിനിധി ശശികുമാര വർമ്മ ഇടതുപക്ഷ യൂണിയൻ നേതാവായിരുന്നു. കൊട്ടാരത്തിന്‍റെ ചരിത്രവും പിണറായി മറക്കുന്നു. ഈ ധാർഷ്ട്യം പിണറായിയെ പാർട്ടിയുടെ അവസാന മുഖ്യമന്ത്രിയാക്കും.

കേരളം ഭരിക്കുന്നത് തന്ത്രിയേയും മന്ത്രിയേയും തിരിച്ചറിയാത്ത മുഖ്യമന്ത്രിയെന്നും മുല്ലപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ വാർത്താ സമ്മേളനം വിശ്വാസികള ആഴത്തിൽ വേദനിപ്പിച്ചുവെന്നും അദ്ദേഹം പറ‍ഞ്ഞു.