മുല്ലപ്പെരിയാര്‍ നിറയുമ്പോള്‍ അപകടം അറിയിക്കാനുള്ള യന്ത്രം കള്ളന്‍ കൊണ്ടുപോയി, ബാക്കിയുള്ളവ പ്രവര്‍ത്തിക്കുന്നുമില്ല

ഇടുക്കി: ആശങ്കയുയര്‍ത്തി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുമ്പോൾ അപകട മുന്നറിയിപ്പ് സംവിധാനങ്ങൾ പ്രവര്‍ത്തനക്ഷമമാക്കാതെ സംസ്ഥാന സര്‍ക്കാരിന്റെ ഗുരുതരവീഴ്ച. ലക്ഷങ്ങൾ മുടക്കി മഞ്ചുമലയിൽ സ്ഥാപിച്ച യന്ത്രം മോഷണം പോയി. മറ്റ് മൂന്നിടങ്ങളിലെ യന്ത്രങ്ങളാകട്ടെ പ്രവര്‍ത്തിക്കുന്നുമില്ല.

2012ലാണ് 26 ലക്ഷം രൂപ മുടക്കി പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് അപകട മുന്നറിയിപ്പുകൾ നൽകാൻ ഏര്‍ളി വാണിംഗ് സിസ്റ്റം സ്ഥാപിച്ചത്. മഞ്ചുമല, വള്ളക്കടവ്, ഉപ്പുതറ,അയ്യപ്പൻകോവിൽ എന്നീ നാലിടങ്ങളിലായിരുന്നു യന്ത്രങ്ങൾ വച്ചത്. അണക്കെട്ടിലെ വെള്ളം 135 അടിയിൽ കൂടിയാൽ സൈറണ്‍ മുഴക്കുന്നവയാണി യന്ത്രങ്ങൾ. 

എന്നാൽ രണ്ടുകൊല്ലം മുമ്പ് മഞ്ചുമല വില്ലേജ് ഓഫീസിൽ സ്ഥാപിച്ച യന്ത്രം മോഷണം പോയി. വള്ളക്കടവ് സ്കൂളിൽ സ്ഥാപിച്ച യന്ത്രത്തിന്റെ അവസ്ഥയും പരിതാപകരമാണ്. അതില്‍ സ്കൂള്‍ ബെല്ലടിക്കുന്ന ശബ്ദം പോലും കേള്‍ക്കില്ലെന്നാണ് ജീവനക്കാരന്‍ പറയുന്നത്. ഉപ്പുതറയിലേയും അയ്യപ്പൻകോവിലിലേയും യന്ത്രങ്ങളുടെ സ്ഥിതിയും മറിച്ചല്ല. യന്ത്രങ്ങൾ നന്നാക്കികൊണ്ടിരിക്കുകയാണെന്നാണ് പീരുമേട് തഹസിൽദാരുടെ വിശദീകരണം. തമിഴ്നാടാണ് അപകടമുന്നറിയിപ്പുകൾ നൽകേണ്ടതെന്നും തഹസിൽദാര്‍ പറയുന്നു.