കാലവഷത്തെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ കഴിഞ്ഞ മാസം സുപ്രീം കോടതി നിയോഗിച്ച മേല്‍നോട്ട സമിതി അണക്കെട്ട് പരിശോധിച്ചിരുന്നു. ഡിസംബര്‍ മാസം വരെ എല്ലാ ആഴ്ചയിലും ഉപസമിതി അണക്കെട്ടില്‍ പരിശോധന നടത്താന്‍ അന്ന് മേല്‍ നോട്ട സമിതി നിര്‍ദ്ദേശിച്ചു. കേന്ദ്ര ജലക്കമ്മീഷനിലെ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഹരീഷ് ഗിരീഷാണ് ഉപസമിതി അധ്യക്ഷന്‍. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും രണ്ടു പ്രതിനിധികള്‍ വീതം ഉപസമിതിയിലുണ്ട്. തമിഴ്‌നാടിന്റെ നിസ്സഹകരണം മൂലം ആഴ്ചതോറുമുള്ള പരിശോധന നടന്നില്ല. പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് കേരളം ഉപസമിതി അധ്യക്ഷന് രണ്ടാഴ്ച മുമ്പ് കത്തു നല്‍കി. ഇതേത്തുടര്‍ന്ന് ആറാം തീയതി അണക്കെട്ടില്‍ സന്ദര്‍ശനം നടത്താന്‍ തീരുമാനമായി. എന്നാല്‍ തമിഴ്‌നാടിന്റെ അസൗകര്യം മൂലം വീണ്ടും മാറ്റി വച്ചു. സംസ്ഥാനത്തിന്റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടന്നാണ് പരിശോധന നടത്തുന്നത്. അണക്കെട്ടില്‍ നിന്നും പുറത്തേക്കു വരുന്ന സീപ്പേജ് ജലത്തിന്റെ അളവ് രേഖപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. ഇത്തവണ മഴ ആരംഭിച്ചതിനു ശേഷം സീപ്പേജിന്റെ അളവ് ശേഖരിക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടില്ല. പ്രധാന അണക്കെട്ടില്‍ പാരപ്പെറ്റിന്റെ ഉയരം കൂട്ടുന്നതിനുള്ള ജോലികള്‍ തമിഴ്‌നാട് ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ പുരോഗതിയും സംഘം വിലയിരുത്തും. രാവിലെ അണക്കെട്ട് സന്ദര്‍ശനത്തിനു ശേഷം സമിതി അംഗങ്ങള്‍ വൈകുന്നേരം കുമളിയില്‍ യോഗം ചേരും.