വിതരണ വിഹിതത്തെ തുടര്‍ന്നുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ മള്‍ട്ടിപ്ലെക്‌സുകളില്‍ റംസാന്‍ റിലീസുകള്‍ അനുവദിക്കേണ്ടെന്ന് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനം. കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ദേശീയ മള്‍ട്ടിപ്‌ളെക്‌സ് ശൃംഖലയുടെ ഭാഗമായ പി വി ആര്‍ സിനിമാസ്, സിനി പോളിസ്, ഇനോക്‌സ് സിനിമാസ് തുടങ്ങിയ മള്‍ട്ടിപ്‌ളെക്‌സുകളില്‍ സിനിമ റിലീസ് ചെയ്യേണ്ടെന്നാണ് സംഘടനാ തീരുമാനം.
ഫഹദ് ഫാസിലിന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും, റോള്‍ മോഡല്‍സ്, ആസിഫലിയും ഉണ്ണിമുകുന്ദനും നായകന്മാരായ അവരുടെ രാവുകള്‍, പൃഥ്വിരാജ് ഇന്ദ്രജിത്ത് ചിത്രം ടിയാന്‍, സല്‍മാന്‍ ഖാന്‍ ചിത്രം ട്യൂബ് ലൈറ്റ്, വിനീത് ശ്രീനിവാസന്‍ നായകനായ സിനിമാക്കാരന്‍ എന്നിവയാണ് പെരുന്നാള്‍ റിലീസായി എത്തുന്നത്. മള്‍ട്ടിപ്‌ളെക്‌സ് റിലീസുകള്‍ നഷ്ടമായാല്‍ ഈ സിനിമകളുടെ കളക്ഷനെയും സാരമായി ബാധിക്കും.
സാധാരണ തിയറ്ററുകളുടെ അതേ അനുപാതത്തില്‍ തിയറ്റര്‍ വിഹിതം മള്‍ട്ടിപ്‌ളെക്‌സില്‍ നിന്നും വേണമെന്നാണ് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും ആവശ്യം. ഇത് അംഗീകരിക്കാന്‍ മള്‍ട്ടിപ്‌ളെക്‌സുകള്‍ തയ്യാറല്ല. റിലീസ് വാരത്തില്‍ 55 ശതമാനം വിതരണക്കാര്‍ക്കും 45 ശതമാനം തിയറ്ററുടമകള്‍ക്കും എന്നതാണ് മള്‍ട്ടിപ്‌ളെക്‌സില്‍ നിലവിലുള്ള രീതി. എന്നാല്‍ മറ്റ് തിയറ്ററുകളില്‍ കളക്ഷനില്‍ നിന്ന് 60 ശതമാനം വിതരണക്കാര്‍ക്കും 40 ശതമാനം തിയറ്ററുകള്‍ക്ക് എന്ന അനുപാതമാണ് തുടരുന്നത്.
മള്‍ട്ടിപ്ലെക്‌സുകളുടെ അതേ പ്രദര്‍ശന സൗകര്യമുള്ള തിയറ്ററുകള്‍ വിതരണ വിഹിതത്തില്‍ ഈ അനുപാതം തുടരുമ്പോള്‍ മള്‍ട്ടിപ്‌ളെക്‌സുകള്‍ക്ക് മാത്രം അധിക വരുമാനം നല്‍കേണ്ടെന്നാണ് വിതരണക്കാരുടെയും നിര്‍മ്മാതാക്കളുടെയും നിലപാട്. ഇതോടെ കഴിഞ്ഞമാസം ബാഹുബലി, ഗോദ ഉള്‍പ്പെടെയുള്ള സിനിമകള്‍ മള്‍ട്ടിപ്‌ളെക്‌സുകളില്‍ നിന്ന് പിന്‍വലിച്ച് നിര്‍മ്മാതാക്കളും വിതരണക്കാരും സമരരംഗത്തെത്തി. ദേശീയ മള്‍ട്ടിപ്‌ളെക്‌സ് ശൃംഖലകളില്‍ പെട്ട പി വി ആര്‍ സിനിമാസ്, സിനിപോളിസ്, ഐനോക്‌സ് എന്നീ ഗ്രൂപ്പുകള്‍ നിര്‍മ്മാതാക്കള്‍ മുന്നോട്ട് വെക്കുന്ന വ്യവസ്ഥയില്‍ റിലീസിന് തയ്യാറല്ല. കേരളത്തിന് പുറത്ത് 50: 50 അനുപാതമാണെന്നും മലയാളത്തില്‍ മാത്രമായി ഉയര്‍ന്ന വിതരണ വിഹിതം നല്‍കാനാകില്ലെന്നുമാണ് ഇവരുടെ നിലപാട്.
