മുംബൈ: മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സുരക്ഷ ശക്തമാക്കി. ജനുവരി 26 റിപ്പബ്‌ളിക് ദിനത്തില്‍ വിമാനത്താവളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ്‌സ് ആക്രമണം നടത്തുമെന്ന് എഴുതിയിട്ട ഒരു കുറിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് സുരക്ഷ കര്‍ശനമാക്കിയത്. വിമാനത്താവളത്തിന്റെ കാര്‍ഗോ ഏരിയയില്‍ ഐ.എസ്. തീവ്രവാദികള്‍ ആക്രമണം നടത്തുമെന്നാണ് ടോയ്‌ലറ്റ് റൂമില്‍ കണ്ടെത്തിയ കുറിപ്പില്‍ പറയുന്നത്. കുറിപ്പ് കണ്ടെത്തിയതിന് പിന്നാലെ കാര്‍ഗോ വിഭാഗത്തിന്റെ നിയന്ത്രണം സുരക്ഷാ സേന ഏറ്റെടുത്തു. 

ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെ ഇവിടെയെത്തി പാര്‍സലുകള്‍ അടക്കം പരിശോധന നടത്തിയെങ്കിലും അസാധാരണമായി ഒന്നും കണ്ടെത്തിയിട്ടില്ല. ആരോ തമാശയായി എഴുതിയിട്ട കുറിപ്പായിരിക്കാനുള്ള സാധ്യതയും സുരക്ഷാസേന തള്ളിക്കളയുന്നില്ല. 2015 ജനുവരിയില്‍ ഐഎസ് ഭീഷണിയുണ്ടെന്ന് പറഞ്ഞു കൊണ്ട് രണ്ട് കുറിപ്പുകള്‍ വിമാനത്താവളത്തിന്റെ ടോയ്‌ലറ്റ് മുറിയില്‍ പതിച്ചതായി കണ്ടെത്തിയിരുന്നു. 

വിവിധ സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് നിലവില്‍ മുംബൈ വിമാനത്താവളത്തിനുള്ളത്. ചെറിയ എയര്‍ സ്ട്രിപ്പ് (വിമാനം ലാന്‍ഡ് ചെയ്യുന്നതിനുള്ള റണ്‍വേ) വഴി വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായേക്കാം എന്ന് പല ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുംബൈ വിമാനത്തവാളത്തോട് തൊട്ടു കിടക്കുന്ന ജുഹു ബീച്ചില്‍ ഇങ്ങനെയൊരു എയര്‍സ്ട്രിപ്പ് ഉള്ളതിനാല്‍ ഇൗ ഭാഗം ഇപ്പോള്‍ സുരക്ഷ സേനയുടെ കര്‍ശന നിരീക്ഷണത്തിലാണ്.