രണ്ടാം വയസില്‍ ഉപേക്ഷിച്ച മകളെ തിരിച്ചുവേണം എന്ന അമ്മയുടെ അപേക്ഷ തള്ളി കോടതി പെണ്‍കുട്ടിയെ പോറ്റി വളര്‍ത്തിയവര്‍ക്കൊപ്പം അയച്ചു

മുംബൈ: രണ്ടാം വയസില്‍ ഉപേക്ഷിച്ച മകളെ തിരിച്ചുവേണം എന്ന അമ്മയുടെ അപേക്ഷ തള്ളി കോടതി പെണ്‍കുട്ടിയെ പോറ്റി വളര്‍ത്തിയവര്‍ക്കൊപ്പം അയച്ചു. പോറ്റമ്മയുടെ കൂടെ പോയാൽ മതിയെന്നും അതാണു തന്റെ വീടെന്നും ഇപ്പോള്‍ പതിനാലു വയസുകാരിയായ പെണ്‍കുട്ടി മൊഴി നൽകി. ഇതോടെയാണ് ബോംബെ ഹൈക്കോടതി തീരുമാനത്തില്‍ എത്തിയത്.

അനാഥയായ പെൺകുട്ടിയെ മുസ്‍ലിം കുടുംബമാണ് സ്വന്തം വീട്ടിലെ അംഗത്തെപ്പോലെ 12 കൊല്ലം വളർത്തിയത്. എന്നാൽ, ഏതാനും മാസം മുൻപ് കുട്ടിയെ അമ്മയും പുരുഷസുഹൃത്തും ചേർന്നു മുംബൈയിലെത്തി ബലമായി പിടിച്ചു കൊണ്ടു പോവുകയും കുടുംബം ഇതിനെതിരെ ശിശുക്ഷേമസമിതിയെ സമീപിക്കുകയുമായിരുന്നു. 

തുടർന്ന്, പെൺകുട്ടിയെ രണ്ടു മാസം സൌത്ത് മുംബൈയിലെ ഉമര്‍ഖഡിയിലുള്ള ബാലികാ സദനത്തിലാക്കി.കുട്ടിയെ അനാവശ്യമായി അനാഥാലയത്തിലാക്കേണ്ടി വന്നുവെന്നു കോടതി നിരീക്ഷിച്ചു. സ്വഭാവദൂഷ്യമുള്ള അമ്മയ്ക്കൊപ്പം വിടുന്നതു കുട്ടിയുടെ ഭാവിയെ ബാധിക്കുമെന്നും കോടതി വിലയിരുത്തി. 

പെണ്‍കുട്ടി വളരെ ബുദ്ധിമതിയാണെന്നും അവളുടെ ആഗ്രഹങ്ങളും വയസും ഒരിക്കലും അവഗണിക്കാനാവില്ലെന്നും ജസ്റ്റിസ് ഗൌതം പട്ടേല്‍ വിധിയില്‍ പറയുന്നു.