ജനങ്ങള്‍ ഹെൽമറ്റ് ധരിക്കാൻ വ്യത്യസ്ഥമായൊരു കാംപയിനുമായി രംഗത്തെത്തിയിരിക്കുകയാണ് മുംബൈ പൊലീസിന്റെ സോഷ്യൽ മീഡിയ ടീം. ബോധവത്കരണത്തിനായി തെരഞ്ഞടുത്തിരിക്കുന്നത് സൂപ്പർ ഹീറോ കഥാപാത്രമായ ഹൾക്കിനെയാണ്. 

മുംബൈ: ജനങ്ങളെ ബോധവത്കരിക്കുന്നതിന് വേണ്ടി പൊലീസ് പതിനെട്ടടവും പയറ്റി നോക്കാറുണ്ട്. എന്നാൽ എന്തൊക്കെ ചെയ്താലും എന്നെ തല്ലെണ്ടമ്മാവ ഞാൻ നന്നാവൂല എന്നമട്ടാണ് ചിലര്‍ക്ക്. ഇവിടെയിതാ ജനങ്ങള്‍ ഹെൽമറ്റ് ധരിക്കാൻ വ്യത്യസ്ഥമായൊരു കാംപയിനുമായി രംഗത്തെത്തിയിരിക്കുകയാണ് മുംബൈ പൊലീസിന്റെ സോഷ്യൽ മീഡിയ ടീം.

ബോധവത്കരണത്തിനായി തെരഞ്ഞടുത്തിരിക്കുന്നത് സൂപ്പർ ഹീറോ കഥാപാത്രമായ ഹൾക്കിനെയാണ്. ഹെൽമറ്റ് ധരിച്ച ഹൾക്കിനെയാണ് പരസ്യത്തിൽ അവകതരിപ്പിച്ചിരിക്കുന്നത്. നിങ്ങള്‍ എത്ര ശക്തരാണ് എന്നതിൽ കാര്യമില്ല, ഹെല്‍മറ്റ് ധരിക്കാന്‍ മറക്കാതിരിക്കുക എന്നാണ് പരസ്യ ചിത്രത്തിന് അടിക്കുറിപ്പ്

ഹള്‍ക്കിന്റെ യഥാര്‍ത്ഥ രൂപം ഹെല്‍മറ്റോ, ഷര്‍‌ട്ടോ ധരിക്കുന്നില്ല. എന്നാൽ കാമ്പയിന് ആവശ്യമായ ചിത്രം എടുത്തിരിക്കുന്നത് ഹള്‍ക്ക് കഥാപാത്രമായി വരുന്ന തോർ റാഗ്നറോക്ക് എന്ന സിനിമയില്‍ നിന്നാണ്. ട്വീറ്റ് സോഷ്യല്‍മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. എന്നാല്‍ ഹെല്‍മറ്റ് ധരിക്കാതെ ബൈക്കിൽ യാത്ര ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങളാണ് ചിലര്‍ മറുപടിയായി ട്വീറ്റ് ചെയ്യുന്നത്.