2008 നവംബര്‍ 26ല്‍ 166പേര്‍ മരിച്ച മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രണം പാകിസ്ഥാന്‍ മണ്ണിലാണെന്ന ഇന്ത്യയുടെ വാദം പാകിസ്ഥാന്‍ അംഗീകരിച്ചിരുന്നില്ല. ഇതിനിടയിലാണ് ഭീകരാക്രമണം നടക്കുമ്പോള്‍ പാകിസ്ഥാന്‍ സുരക്ഷാ ഉപദേഷ്ടാവായിരുന്ന മഹ്മൂദ് അലി ദുറാനിയുടെ കുറ്റസമ്മതം. ദില്ലിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനാലിസിസ് സംഘടിപ്പിച്ച 19ാം ഏഷ്യന്‍ സുരക്ഷാ സമ്മേളനത്തിലായിരുന്നു ദുറാനിയുടെ തുറന്നുപറച്ചില്‍

പാകിസ്ഥാന്‍ സര്‍ക്കാരിനും ചാരസംഘടനയായ ഇന്റര്‍ സര്‍വ്വീസ് ഇന്റലിജന്‍സിനും ഭീകരാക്രമണത്തില്‍ പങ്കാളിത്തമില്ലെന്നും ജമാഅത്തുദ്ദഅ്‌വ തലവന്‍ ഹാഫിസ് സയ്യിദിനെ ശിക്ഷിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാകണമെന്നും ദുറാനി ആവശ്യപ്പെട്ടു. അജ്മല്‍ കസബ് പാകിസ്ഥാന്‍ പൗരനാണെന്ന് സമ്മതിച്ചതിനെത്തുടര്‍ന്നാണ് ദുറാനിയുടെ സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനം തെറിച്ചത്. 

അന്താരാഷ്ട്ര സുരക്ഷക്കും സമാധാനത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന തീവ്രവാദത്തിനെതിരെ ആഗോളതലത്തില്‍ പ്രതികരണവും സഹകരണവും ഉണ്ടാകണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ആവശ്യപ്പെട്ടു. അതിനിടെ അമൃത്സറിനു സമീപം ഇന്ത്യപാക് അതിര്‍ത്തിയായ അട്ടാരിയില്‍ നിന്നും 323 മീറ്ററുകള്‍ അകലെ രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ദേശീയ പതാക ഉയര്‍ത്തിയതില്‍ ബിഎസ്എഫിനെ പാകിസ്ഥാന്‍ അതൃപ്തി അറിയിച്ചു. 

കൊടി മരത്തില്‍ ക്യാമറ സ്ഥാപിച്ച് ഇന്ത്യ ചാരപ്പണി നടത്തുകയാണെന്നും അന്താരാഷ്ട്ര ഉടമ്പടികളുടെ ലംഘനമാണിതെന്നുമാണ് പാകിസ്ഥാന്റെ ആരോപണം . ഇന്ത്യയുടെ മണ്ണിലാണ് പതാക സ്ഥാപിച്ചിരിക്കുന്നതെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചിട്ടില്ലെന്നുമാണ് ഇന്ത്യയുടെ നിലപാട്.