പ്രധാന പ്രതികൾ ആയ സെൽവം, ശ്രീകാന്തൻ എന്നിവർ മുനമ്പത് ബോട്ട് വാങ്ങാന്‍ എത്തിയ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇതാദ്യമായാണ് പ്രതികളുടെ ദൃശ്യങ്ങള്‍ പുറത്തുവരുന്നത്.

കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസിലെ മുഖ്യ പ്രതികളുടെ ദൃശ്യം ഏഷ്യാനെറ് ന്യൂസിന് ലഭിച്ചു. പ്രധാന പ്രതികൾ ആയ സെൽവം, ശ്രീകാന്തൻ എന്നിവർ മുനമ്പത് ബോട്ട് വാങ്ങാന്‍ എത്തിയ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മനുഷ്യ കടത്തിനുള്ള ബോട്ട് വാങ്ങുന്നതിനു മുനമ്പത് എത്തിയ ഇവര്‍ ബോട്ടുടമയോട് സംസാരിക്കുന്നതിന്‍റെ ദൃശ്യങ്ങളാണിത്. 

ശ്രീകാന്തും കുടുംബവും രാജ്യം വിട്ട സംഘത്തിനൊപ്പം പോയെന്നാണ് കരുതുന്നത്. എന്നാല്‍ മുഖ്യപ്രതിയായ സെൽവൻ ഇന്ത്യ വിട്ടിട്ടില്ലെന്നാണ് സൂചന. ഇരുവർക്കുമായി പരിശോധന ഊർജിതമാക്കിയിരിക്കുകയാണ്. ഇതിനിടെ ശ്രീകാന്തന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ അഞ്ച് ശ്രീലങ്കൻ പാസ്സ് പോർട്ട് കണ്ടെത്തി.

പല ബോട്ടുകളും പരിശോധന നടത്തിയതിന് ശേഷമാണ് ഇവര്‍ ദയാമാതാ ബോട്ട് തെരഞ്ഞെടുത്തത്. നാല് ഇടനിലക്കാരാണ് ബോട്ട് വാങ്ങുന്നതിനായി സെൽവനെയും ശ്രീകാന്തനെയും സഹായിച്ചത്. ശക്തിയും ബലവുമുള്ള ബോട്ട് വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതിനായി നാല് ഇടനിലക്കാര്‍ക്കും അമ്പതിനായിരം രൂപ വീതം രണ്ട് ലക്ഷം രൂപ നല്‍കുകയും ചെയ്തു. 

പൊലീസ് ഇടനിലക്കാരായ നാല് പേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവെങ്കിലും ഇവരെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്നാണ് നിലപാട്. മത്സ്യബന്ധനത്തിനുളള ബോട്ട് വേണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരുന്നതെന്നും യഥാര്‍ത്ഥ ഉദ്ദേശം ഇടനിലക്കാര്‍ക്ക് അറിയില്ലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.