ദില്ലിയിലെ പ്രധാന നഗരകേന്ദ്രങ്ങളിലെല്ലാം നല്ല വൃത്തിയും വെടിപ്പുമുള്ള പാതകളാണ്‍. മാലിന്യം നിക്ഷേപിക്കാന്‍ വഴിയരികില്‍ പ്രത്യേകം സംവിധാനമുണ്ട്. പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിയുമൊക്കെ കടന്നുപോകുന്ന വി.ഐ.പി പാതകള്‍ വൃത്തിയുള്ളതായിരിക്കണമെന്ന് എല്ലാവര്‍ക്കും നിര്‍ബന്ധമുണ്ട്. എന്നാല്‍ നഗരത്തിനകത്ത് തന്നെയുള്ള ആര്‍.കെ പുരം സെക്ടര്‍ ഒന്നിലെ അംബേദ്കര്‍ കോളനിയിലേക്ക് പ്രധാനമന്ത്രിയുടെ വീട്ടില്‍ നിന്ന് 6.5 കിലോമീറ്റര്‍ ദൂരം മാത്രമാണുള്ളത്. ഇരുന്നൂറോളം കുടുംബങ്ങള്‍ കുടിലുകളില്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടെ ചെളിയും മനുഷ്യ വിസര്‍ജ്യവും മാത്രമല്ല പന്നികളുടെ വിഹാര കേന്ദ്രവുമായി മാറിയിരിക്കുന്നു. വൈദ്യുതിയും വെള്ളവുമില്ല.ശുചിമുറികളില്ല. പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും സൗകര്യമില്ല.
തൊട്ടടുത്ത തോടിലൂടെ ഒഴുകുന്ന മാലിന ജലം ഇവരുടെ ഉറക്കം കെടുത്തുകയാണ്. നല്ലൊരു മഴപെയ്താല്‍ ഈ വെള്ളം ഇവരുടെ വീടുകളില്‍ കയറും. മാലിന്യക്കൂമ്പാരമായ അംബേദ്കര്‍ കോളനിക്കാരുടെ ദുരിതം ഇന്നും ഇന്നലെയും തുടങ്ങിയതല്ല.
സര്‍ക്കാരുകളുടെ അവഗണനയുടെ ഉദാഹരണം മാത്രമാണ് അംബേദ്കര്‍ കോളനി. കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതി നഗരകേന്ദ്രീകൃതമായിരുന്നുവെന്നതിന് തെളിവാണ് അംബേദ്കര്‍ കോളനിവാസികളുടെ നരക ജീവിതം. സെന്റര്‍ ഫോര്‍ സിവില്‍ സൊസൈറ്റി എന്ന സന്നദ്ധ സംഘടന പുറത്തുവിട്ട കണക്കുപ്രകാരം 2015-2016ല്‍ സ്വച്ഛ് ഭാരത് പദ്ധതി പ്രകാരം നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന് കിട്ടിയത് 46 കോടി 28 ലക്ഷം രൂപയാണ്. ഇതില്‍ ഒരു പൈസ പോലും ചെലവാക്കിയില്ല. സൗത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന് കിട്ടിയ 31 കോടി 63 ലക്ഷം രൂപയില്‍ ചെലവാക്കിയത് 0.25 ശതമാനം തുകയായ 7,93,000 രൂപ മാത്രം. ഈസ്റ്റ് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന് 41 കോടിയിലധികം പണം ലഭിച്ചിട്ടുണ്ടെങ്കിലും ഇതില്‍ എത്ര രൂപ ചെലവഴിച്ചതെന്ന് പോലും ഇവര്‍ക്കറിയില്ല. 4656 പൊതുശുചിമുറികള്‍ സ്ഥാപിച്ചതെല്ലാം വി.ഐ.പി കേന്ദ്രങ്ങളില്‍ മാത്രം. പ്രധാനമന്ത്രിയുടെ പാര്‍ട്ടിയായ ബി.ജെ.പിയാണ് മൂന്ന് കോര്‍പ്പറേഷനും ഭരിക്കുന്നത്. പരസ്യങ്ങള്‍ നല്‍കി കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതി ഒക്ടോബര്‍ രണ്ടിന് മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും ഇത്തരം പാളിച്ചകള്‍ കണ്ടില്ലെന്ന് നടക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
