ചേര്‍ത്തല സി.പി.ഐ മണ്ഡലം കമ്മിറ്റി ഓഫീസിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കാന്‍ ഒരുങ്ങി നഗരസഭ . തോമസ് ചാണ്ടിയുടെ കയ്യേറ്റത്തില്‍ കടുത്ത നിലപാട് സ്വീകരിച്ച സി.പി.ഐയെ ഈ വിഷയം ഉയര്‍ത്തി പ്രതിരോധത്തിലാക്കാനുള്ള ശ്രമത്തിലാണ് സി.പി.എം .

കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ചിരിക്കുന്നതാണ് ചേര്‍ത്തല നഗരമധ്യത്തിലുള്ള സി.പി.ഐ മണ്ഡലം കമ്മിറ്റി ഓഫീസ്. ഇത് ക്രമവല്‍ക്കരിക്കണമെന്ന ആവശ്യം യു.ഡി.എഫ് ഭരിക്കുന്ന ചേര്‍ത്തല നഗരസഭ തള്ളിയിരുന്നു. അനധികൃത ഭാഗങ്ങള്‍ പൊളിച്ചുനീക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ വൈകാതെ ഉണ്ടാകുമെന്നും നഗരസഭ വ്യക്തമാക്കുന്നു. നഗരസഭാ കൗണ്‍സിലും എന്‍ജിനീയറിംഗ് വിഭാഗവും ഇതെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തശേഷമാകും പൊളിക്കല്‍. ഈ സംഭവം ഇപ്പോഴത്തെ രാഷ്‌ട്രീയ സാഹചര്യത്തില്‍ സി.പി.ഐക്കെതിരായ ആയുധമാക്കുകയാണ് സി.പി.എം ആലപ്പുഴ ജില്ലാ നേതൃത്വം. തോമസ് ചാണ്ടിക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ച സി.പി.ഐ ചേര്‍ത്തലയില്‍ ചെയ്തത് ശരിയോ എന്ന ചോദ്യമാണ് സിപിഎമ്മിന്‍റേത്.