തിരുവനന്തപുരം: ഹരിത ട്രൈബ്യൂണലിലെ മൂന്നാര്‍ കേസ് നടത്തിപ്പിനെ ചൊല്ലി സര്‍ക്കാരിൽ തര്‍ക്കം . കേസിൽ അഡിഷണൽ എ.ജി ഹാജരാകേണ്ടെന്ന അഡ്വക്കറ്റ് ജനറലിന്‍റെ നിര്‍ദേശത്തിന് റവന്യൂമന്ത്രി തടയിട്ടു . ഹരിത ട്രൈബ്യൂണൽ കേസുകളിൽ ആര് കോടതിയിൽ ഹാജരാകണമെന്ന് തീരുമാനിക്കുന്നത് റവന്യൂ വകുപ്പാണെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ വ്യക്തമാക്കി .
ഈ മാസം 22 ന് ഹരിത ട്രൈബ്യൂണൽ മൂന്നാര്‍ കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ അഡിഷണൽ എ.ജി രഞ്ജിത് തമ്പാന്‍ ഹാജരാകുന്നതിനെ ചൊല്ലിയാണ് തര്‍ക്കം. ഹാജരാകേണ്ടെന്ന് തമ്പാനോട് അഡ്വക്കറ്റ് ജനറൽ നിര്‍ദേശിച്ചു. എസ്.രാജേന്ദ്രന്‍റെ നേതൃത്വത്തിൽ മൂന്നാര്‍ സര്‍വകക്ഷി സംഘം മുഖ്യമന്ത്രിയെ കണ്ട് അഡിഷണൽ എ.ജിക്കെതിരെ പരാതി പറഞ്ഞതിന് പിന്നാലെയായിരുന്നു ഈ നീക്കം.
തമിഴനാട്ടിൽ നിന്ന് അഭിഭാഷകനെ എത്തിച്ച് കേസ് അട്ടിമറിക്കാനാണിതെന്നാണ് ആരോപണം . വകുപ്പിലെ കടന്നു കയറ്റമായി കണ്ട റവന്യൂമന്ത്രി എ.ജിയുടെ നിര്‍ദേശത്തെ വെട്ടി . മൂന്നാര്‍ കേസിൽ അഡിഷണൽ എ.ജി തന്നെ ഹാജരായാൽ മതിയെന്ന നിലപാട് എ.ജിയെ അറിയിക്കുകയും ചെയ്തു. സര്‍ക്കാര്‍ നിലപാടുകളാണ് അഭിഭാഷകര്‍ കോടതിയെ അറിയിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
കയ്യേറ്റത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഹരിത ട്രൈബ്യൂണലിൽ ഹാജരാക്കിയതും കയ്യേറ്റമൊഴിപ്പിക്കലിന് ഭൂമാഫിയ തടയുന്നുവെന്ന് കാര്യം കോടതിയെ അറിയിച്ചതുമാണ് മൂന്നാറിലെ രാഷ്ട്രീയ നേതാക്കളെ ചൊടിപ്പിച്ചത് . മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലിനെ ചൊല്ലി സര്‍ക്കാരിലുണ്ടായ തര്‍ക്കം കേസ് നടത്തിപ്പിലും ആവര്‍ത്തിക്കുകയാണ്.
