ഇടുക്കി: തോമസ് ചാണ്ടി വിഷയത്തില്‍ തുടങ്ങിയ സിപിഎം, സിപിഐ തര്‍ക്കം മൂന്നാര്‍ വിഷയത്തോടെ പൊട്ടിത്തെറിയിലേക്ക്. ജോയ്‌സ് ജോര്‍ജിന്റെ പട്ടയം റദ്ദാക്കാന്‍ സിപിഐ നേതാക്കള്‍ പണം കൈപ്പറ്റിയെന്നാരോപിച്ച മന്ത്രി എംഎം മണിക്ക് മറുപടിയുമായി കെകെ ശിവരാമന്‍ രംഗത്തെത്തി. എംഎം മണി കയ്യേറ്റക്കാരുടെ മിശിഹയാണെന്നായിരുന്നു സിപിഐ ജില്ലാ സെക്രട്ടറി ആരോപിച്ചു. സിപിഐയുടെ ആരോപണം ബഹുമതിയെന്നായിരുന്നു മന്ത്രി എംഎം മണിയുടെ മറുപടി.
തോമസ് ചാണ്ടി വിഷയത്തില്‍ സിപിഎം സിപിഐ സംസ്ഥാന നേതൃത്വങ്ങള്‍ പരസ്പരം പോരടിച്ചതിന് പിന്നാലെയാണ് മൂന്നാറിനെ ചൊല്ലി ഇടുക്കിയില്‍ പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. പ്രാദേശിക നേതൃത്വം പ്രകടമായും രണ്ട് തട്ടിലാണ്. ജോയിസ് ജോര്‍ജ്ജിന്റെ പട്ടയം സിപിഐ റദ്ദാക്കിയത് മനപൂര്‍വ്വമാണെന്നും കോണ്‍ഗ്രസിനെ സഹായിച്ചതിന് നേതാക്കള്‍ പ്രതിഫലം വാങ്ങിയെന്നുമായിരുന്നു എംഎം മണിയുടെ ആക്ഷേപം.
ഇതിന് മറുപടി ജില്ലാ നേതൃത്വം പറയുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞതിന് പിന്നാലെ രൂക്ഷമായ പ്രതികരണവുമായി ഇടുക്കി ജില്ലാ സെക്രട്ടറി നേരിട്ടെത്തി. വ്യാജ പട്ടയങ്ങളിലേക്ക് അന്വേഷണം എത്താതിരിക്കാനാണ് എംഎം മണിയുടെ അങ്കപ്പുറപ്പാടെന്ന് കെകെ ശിവരാമന്‍ പറഞ്ഞു. കുറിഞ്ഞി ഉദ്യോനത്തിന്റെ വിസ്തൃതിയുമായി സിപിഎം സിപിഐ പ്രകടമായും രണ്ട് തട്ടിലാണ്. നീലക്കുറിഞ്ഞി സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് സിപിഐ നേതൃത്വം പറയുമ്പോള്‍ എന്ത് വിലകൊടുത്തും കൊട്ടക്കമ്പൂരിലെ ജനങ്ങള്‍ക്കൊപ്പമെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്.
