ഇടുക്കി: മൂന്നാറിലെ അനധികൃത കച്ചവട സ്ഥാപനങ്ങള്‍ക്ക് കൂച്ചു വിലങ്ങിട്ട് ഗ്രീന്‍ ട്രൈബൂണല്‍. സംസ്ഥാന മലനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിക്കറ്റുകള്‍ സമര്‍പ്പിക്കാതെ കച്ചവട സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കരുതെന്ന് പഞ്ചായത്തുകള്‍ക്ക് ഗ്രീന്‍ ട്രൈബൂണല്‍ നിര്‍ദ്ദേശം നല്‍കി. 

മൂന്നാറിലെ കച്ചവടസ്ഥാപനങ്ങളില്‍ നിന്നും മുതിരപ്പുഴയാറിലേക്ക് വ്യാപകമായി മാലിന്യങ്ങള്‍ തള്ളുന്നത് പുഴ മലനീകരണത്തിന് കാരണമാകുന്നതായി വകുപ്പ് കണ്ടെത്തുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മുതിരപ്പുഴയില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് ക്രമാതീതമായി വര്‍ദ്ധിച്ചതായും കണ്ടെത്തി. മൂന്നാറിലെ റിസോര്‍ട്ട് അടക്കമുള്ള സ്ഥാപനങ്ങളില്‍ നിന്നും കക്കൂസ് മാലിന്യങ്ങളടക്കം പുഴയില്‍ നിക്ഷേപിക്കുന്നതാണ് ബാക്ടീരയുടെ അളവ് വര്‍ദ്ധിക്കാന്‍ കാരണമെന്നായിരുന്നു കണ്ടെത്തല്‍. പരിശോധനയുടെ വിവരങ്ങള്‍ റിപ്പോര്‍ട്ടാക്കി സംഘം ഗ്രീന്‍ ട്രൈബൂണലിന് കൈമാറിയിരുന്നു. 

ഇതേ തുടര്‍ന്നാണ് പഞ്ചായത്തുകള്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയത്. വന്‍കിട റിസോര്‍ട്ടുകള്‍ ലൈസന്‍സ് ലഭിക്കുന്നതിനായി സംസ്ഥാന മലീകരണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ പഞ്ചായത്തില്‍ സമര്‍പ്പിക്കുന്നുണ്ട്. എന്നാല്‍ മൂന്നാര്‍ ടൗണിലും സമീപങ്ങളിലും പ്രവര്‍ത്തിക്കുന്ന ഹോം സ്‌റ്റേകള്‍, കോട്ടേജുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ കച്ചവട സ്ഥാപനങ്ങള്‍ ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയിരുന്നില്ല. ഗ്രീന്‍ ട്രൈബൂണലിന്റെ നിര്‍ദ്ദേശം എത്തിയതോടെ മാര്‍ച്ചില്‍ ലൈസന്‍സ് പുതുക്കേണ്ട പല സ്ഥാപനങ്ങളും നിലനില്‍പ്പ് തന്നെ തുലാസിലായിരിക്കുകയാണ്.