ഇടുക്കിയിലെ കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം . കുറഞ്ഞി ഉദ്യാനമായി വിജ്ഞാപനം ചെയ്ത സ്ഥലത്തെ ഭൂമി പരിശോധനകള്‍ക്ക് മുന്നോടിയായി മന്ത്രിമാരുടെ നേതൃത്വത്തില്‍ മൂന്നാറില്‍ യോഗം ചേരും. കുറിഞ്ഞി ഉദ്യാനമായി 2006 ല്‍ വിജ്ഞാപനം ചെയ്ത കൊട്ടക്കമ്പൂര്‍ വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 58 ലായിരുന്നു ജോയ്സ് ജോര്‍ജ് എം.പിയുടെയും കുടുംബത്തിന്റെയും 20 ഏക്കര്‍ ഭൂമി. ഇതിന്റെ പട്ടയം വ്യാജമെന്ന് കണ്ടാണ് ദേവികുളം സബ് കലക്ടര്‍ റദ്ദാക്കിയത്.

നടപടിക്കെതിരെ സി.പി.എം ഹര്‍ത്താല്‍ നടത്തി. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നത്. എന്നാല്‍ യോഗത്തില്‍ പട്ടയം റദ്ദാക്കല്‍ ചര്‍ച്ചയായില്ല.അതേസമയം, കൊട്ടക്കമ്പൂരിലേതു കൂടാതെ വട്ടവട വില്ലേജിലും ഉള്‍പ്പെടുന്ന കുറിഞ്ഞി ഉദ്യാനത്തിന്‍റെ അതിര്‍ത്തി പുനര്‍നിര്‍ണയി ക്കാന്‍ തീരുമാനിച്ചു . 3200 ഹെക്ടറാണ് കുറിഞ്ഞി ഉദ്യാനമായി വിജ്ഞാപനം ചെയ്തത്. വിജ്ഞാപനം വേണ്ടത്ര അവധാനതയില്ലാതെയെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്.

ജനവാസ മേഖലകളെ ഒഴിവാക്കണമെന്നാവശ്യവും യോഗത്തിലുണ്ടായി. പ്രതിഷേധകാരണം കയ്യേറ്റമൊഴിപ്പിച്ച് കുറിഞ്ഞി ഉദ്യാനത്തിന്‍റെ ഭൂമി തിട്ടപ്പെടുത്താന്‍ ദേവികുളം സബ്കലക്ടര്‍ക്ക് 11 വര്‍ഷമായി കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് മന്ത്രിമാര്‍ മൂന്നാറിലെത്തി ജനപ്രതിനിധികളെയും കക്ഷി നേതാക്കളെയും കാണുന്നത്. റവന്യൂ, വനം വകുപ്പ് മന്ത്രിമാരും മന്ത്രി എം.എം മണിയും മൂന്നാര്‍ യോഗത്തില്‍ പങ്കെടുക്കും. അടുത്ത മാസം ആദ്യമാകും യോഗം.

ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി കുറിഞ്ഞി ഉദ്യാനം യാഥാര്‍ഥ്യമാക്കുകയെന്ന ഉന്നതതല യോഗത്തിന്‍റെ തീരുമാനം അനുസരിച്ചാണിത് . ഇതിന് ശേഷമാകും ദേവികുളം സബ് കലക്ടറുടെ തുടര്‍ പരിശോധനകള്‍ . ഫലത്തില്‍ ഇപ്പോള്‍ ദേവികുളം സബ് കലക്ടര്‍ നോട്ടിസ് നല്‍കിയിരുന്നവര്‍ക്കെതിരായ നടപടികള്‍ വൈകും.