ഇടുക്കി: മൂന്നാര്‍ അപകടാവസ്ഥയിലാണെന്ന് കേന്ദ്രമന്ത്രി സി.ആര്‍. ചൗധരിയുടെ റിപ്പോര്‍ട്ട്. മൂന്നാറിലെ കെട്ടിടങ്ങള്‍ അപകടാവസ്ഥയിലാണെന്നും അപകടം ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം അസാധ്യമാണെന്നുമുള്ള റിപ്പോര്‍ട്ട് ചൗധരി പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും സമര്‍പ്പിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം മൂന്നാറില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് ചൗധരി റിപ്പോര്‍ട്ട് നല്‍കിയത്.

കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ പൈല്‍ എത്ര താഴ്ത്തിയാലും പെട്ടെന്ന് താഴ്ന്ന് പോകുന്ന മണ്ണാണ് ഇവിടുത്തേത്. എന്തെങ്കിലും സംഭവിച്ചാല്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കാത്ത നിലയാണുള്ളത്. ഇടുങ്ങിയ വഴികളും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കും.കെട്ടിടങ്ങള്‍ ഇടിഞ്ഞുവീഴാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അശാസ്ത്രീയമായി നിര്‍മ്മിച്ച കെട്ടിടങ്ങളാണ് ഇവിടെയുള്ളതെന്നും ഇത് ഗുരുതര സാഹചര്യമാണ് ഉണ്ടാക്കുന്നതെന്നും ചൗധരി ചൂണ്ടിക്കാട്ടുന്നു. മൂന്നാറിലെ മരങ്ങള്‍ക്ക് പച്ചപ്പ് കുറഞ്ഞു വരുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഇടമായി മൂന്നാറിനെ മാറ്റണമെന്നും റിപ്പോര്‍ട്ടില്‍ ചൗധരി ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിനായി ആകര്‍ഷണീയമായ ഗതാഗത സൗകര്യങ്ങള്‍ ഒരുക്കണം. മൂന്നാറില്‍ താഴ് വാരങ്ങളില്‍ മാത്രമോ ഹോട്ടലുകള്‍ അനുവദിക്കാവൂ എന്ന നിര്‍ദ്ദേശവും മന്ത്രി മുന്നോട്ടുവെയ്ക്കുന്നുണ്ട്.