താഴ്ന്നുകൊണ്ടിരിക്കുന്ന കൊല്ലത്തെ മണ്‍ട്രോതുരുത്തിനെ സംരക്ഷിക്കാന്‍ അന്താരാഷ്‌ട്ര ഇടപടെല്‍. തായ്‍ലന്‍റില്‍ നിന്നുള്ള പരിസ്ഥിതി സംഘമാണ് മണ്‍ട്രോത്തുരുത്ത് സന്ദര്‍ശിച്ച് പ്രശ്‍നങ്ങള്‍ വിലയിരുത്തിയത്.


അനുദിനം താഴ്ന്നു കെണ്ടിരിക്കുന്ന മണ്‍ട്രോത്തുരുത്തെന്ന ചെറുദ്വീപ്. ആഗോളതാപനമോ അതോ സുനാമിക്ക് ശേഷമുള്ള വേലിയേറ്റമോ. ഉത്തരം കാണാതെ കിടക്കുന്ന ചോദ്യം. നെറ്റ് വര്‍ക്ക് അക്വാ കള്‍ച്ചറല്‍ സെന്‍റര്‍ ഏഷ്യാ പെസഫിക് പ്രതിനിധികളായ എഡ്വാര്‍ഡോ എമിലിയാനോയും നതാവിയുമാണ് മണ്‍ട്രോത്തുരുത്തിനെ കാണാനെത്തിയത്. ലോകത്ത് തന്നെ അപൂര്‍വ്വമായ പ്രതിഭാസമാണ് മണ്‍ട്രോത്തുരുത്തിലേതെന്നാണ് ഇവരുടെ വിലയിരുത്തല്‍..

പരിസ്ഥിതി ചൂഷണം വലിയ തോതില്‍ മണ്‍ട്രോത്തുരുത്തിനെ നശിപ്പിക്കുന്നുവെന്ന് സംഘം കണ്ടെത്തി. ആഗോളതാപനവും, വേലിയേറ്റവും പഠനങ്ങള്‍ക്ക് വിധേയമാക്കണം. ഇവിടത്തെ കണ്ടല്‍ക്കാടുകളെ സംരക്ഷിച്ച് കൊണ്ട് ജനജീവിതം മെച്ചപ്പെടുത്തണം. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ തായ്‍ലന്‍റ് തലസ്ഥാനമായ ബാങ്കോങ്ങില്‍ നടന്ന അന്താരാഷ്‌ട്ര പരിസ്ഥിതി സമ്മേളനത്തില്‍ മണ്‍ട്രോത്തുരുത്തിനെക്കുറിച്ച് പ്രബന്ധമവതരിപ്പിച്ച മുന്‍ എം പി കെ എന്‍ ബാലഗോപാലിന്‍റെ ക്ഷണപ്രകാരമാണ് പരിസ്ഥിതി സംഘം എത്തിയത്.