ദുബായ്: മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയുടെ യു.എ.ഇയിലെ റിലീസിനോട് അനുബന്ധിച്ച് അണിയറ പ്രവര്‍ത്തകര്‍ക്ക് ദുബായില്‍ സ്വീകരണം നല്‍കി. നടി മീനയും സംവിധായകന്‍ ജിബു ജേക്കബും അടക്കമുള്ളവര്‍ പങ്കെടുത്തു.
ദേര ദുബായിലെ ഗലേറിയ സിനിമയിലാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് സ്വീകരണം ഒരുക്കിയത്. ചെണ്ടമേളവുമെല്ലാമായിട്ടായിരുന്നു സ്വീകരണം. തീയറ്ററിന് പുറത്ത് പ്രത്യേകം തയ്യാറാക്കിയ സ്റ്റേജില്‍ നടി മീന അടക്കമുള്ളവര്‍ ആരാധകരുമായി സംവദിച്ചു. മോഹന്‍ലാലിന്റെ നായികയായി തുടര്‍ച്ചയായി അഭിനയിക്കാന്‍ സാധിക്കുന്നത് ഭാഗ്യമായി കരുതുന്നതായി മീന പറഞ്ഞു.
കേക്ക് മുറിച്ചാണ് യു.എ.ഇയിലെ റിലീസ് കെങ്കേമമാക്കിയത്. മോഹന്‍ലാല്‍ പ്രദര്‍ശനത്തിന് എത്തിയിരുന്നില്ലെങ്കിലും ലാലേട്ടന് ജെയ് വിളിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ ആരാധകര്‍ തങ്ങളുടെ ആവേശം പ്രകടിപ്പിച്ചത്.
നടി ഐമ, തിരക്കഥാകൃത്ത് സിന്ധുരാജ്, ക്യാമറാമാന്‍ പ്രമോദ് കെ.പിള്ള, നിര്‍മ്മതാവും യു.എ.ഇയില്‍ സംരംഭകയുമായ സോഫിയാ പോള്‍ തുടങ്ങിയവരും ദുബായിലെ പ്രീമിയറിന് എത്തിയിരുന്നു.
