ഏഷ്യാനെറ്റ് ന്യൂസിന്റെ 'പുതിയ കേരളത്തിനായി' എന്ന പ്രോഗ്രാമില്‍  ദുരന്ത ലഘൂകരണ വിദഗ്ധൻ മുരളി തുമ്മാരുകുടി സംസാരിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസിന്റെ 'പുതിയ കേരളത്തിനായി' എന്ന പ്രോഗ്രാമില്‍ ദുരന്ത ലഘൂകരണ വിദഗ്ധൻ മുരളി തുമ്മാരുകുടി സംസാരിക്കുന്നു

പുതിയ കേരളം എന്നു പറയുമ്പോള്‍ നമ്മുടെയൊക്കെ മനസ്സില്‍ വരുന്നത് പ്രളയമില്ലാത്ത കേരളം എന്നാണ്. അല്ലെങ്കില്‍ മണ്ണൊലിപ്പ് ഇല്ലാത്ത കേരളം എന്നാണ്. ഇപ്പോള്‍ എല്ലാവരെയും പ്രളയം ബാധിച്ചതിനാല്‍ നദിക്കരയില്‍ വീട് വയ്‍ക്കരുത് പ്രളയത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള സംവിധാനം വില്ലേജ് തലത്തിലടക്കം ഉണ്ടാകണം എന്നൊക്കെയാണ് ചര്‍ച്ചകളില്‍ പറയുന്നത്. ഇങ്ങനെ പ്രളയം മാത്രം കേന്ദ്രീകരിച്ചാണ് ചര്‍ച്ചകള്‍ മുന്നോട്ടുപോകുന്നത്. എന്നാല്‍ ഇതില്‍ മാത്രം കാര്യമില്ല. കേരളത്തില്‍ ഇനിയുണ്ടാകാൻ പോകുന്നത് മിക്കവാറും പ്രളയമായിരിക്കില്ല. ഇത്തവണത്തെ പ്രളയത്തില്‍ സുരക്ഷിതമായിരുന്നത് ഫ്ലാറ്റുകളില്‍ ഉള്ള ആള്‍ക്കായിരുന്നു. അതുകൊണ്ടുതന്നെ ഫ്ലാറ്റുകളില്‍ താമസിക്കാൻ ഇഷ്‍ടപ്പെടുന്നവരുടെ എണ്ണവും കൂടാൻ പോകുകയാണ്. എന്നാല്‍ കേരളത്തില്‍ ഇനി ഉണ്ടാകാൻ പോകുന്ന ദുരന്തം ഫ്ലാറ്റുകളിലെ അഗ്നിബാധയാണ്. പ്രളയം ഉണ്ടാകുമെന്ന് ഞാൻ എങ്ങനെ 2013ല്‍ പ്രവചിച്ചോ അതിലും ഉറപ്പായിട്ട് ഇത് പറയാൻ പറ്റും. കേരളത്തിലെ ഒരു ഉയര്‍ന്ന കെട്ടിടത്തില്‍ അഗ്നിബാധയുണ്ടാകും. അതില്‍ മലയാളികള്‍ മരിക്കും. അത്തരം ദുരന്തങ്ങള്‍ കൂടി കാണണം. പ്രളയവും അഗ്നിബാധയും മാത്രമല്ല എല്ലാ ദുരന്തങ്ങളും ഇല്ലാത്ത കേരളം ഉണ്ടാക്കാനായിട്ട് വേണം ശ്രമിക്കാൻ.

നദിക്കരയില്‍ വീടുവയ്ക്കരുത് എന്ന് ഞാൻ പറയാൻ തുടങ്ങിയിട്ട് പത്ത് വര്‍ഷമെങ്കിലും ആയി. പണ്ട് സാധാരണ നദിക്കരയില്‍ ആള്‍ക്കാര്‍ വീട് വയ്‍ക്കാറില്ല. പൊതുസ്ഥാപനങ്ങള്‍ അല്ലാതെ സ്വകാര്യ വീട് ഉണ്ടാകാറില്ല. എന്റെയൊക്കെ ചെറുപ്പകാലത്ത് എല്ലാ മഴക്കാലത്തും പെരിയാറില്‍ വെള്ളപ്പൊക്കമുണ്ടാകാറുണ്ട്. മലവെള്ളം എന്നാണ് പറയാറ്. അതുകൊണ്ട് തന്നെ ആരും അവിടെ വീട് വയ്ക്കാൻ തയ്യാറാകാറില്ല. പക്ഷേ അണക്കെട്ട് വന്നതോടെ നദീതീരം സുരക്ഷിതമാണെന്ന ധാരണ ഉണ്ടായി. അത് ഇപ്പോള്‍ തെറ്റാണെന്ന് മനസ്സിലായല്ലോ?.

നദിതീരത്ത് വെള്ളപ്പൊക്കമുണ്ടാകുക എന്നത് സ്വാഭാവികമാണ്. നമ്മള്‍ രണ്ട് കാര്യം ചെയ്യണം. നദീതീരത്ത് നിന്ന് ആള്‍ക്കാരെ മാറ്റുക മാത്രമല്ല വേണ്ടത്. നദിയെ എല്ലാക്കാലത്തും ഒഴുകുന്ന ഒന്നായി മാറ്റണം. ഇടുക്കിയുടെ കാര്യത്തില്‍ സംഭവിച്ചത് അങ്ങനെ ഇല്ലാത്തതിനാലാണ്. ഇടുക്കി അണക്കെട്ട് ഉണ്ടാക്കി. അണക്കെട്ടിന് താഴെ പൂജ്യം വെള്ളമായിരുന്നു. 26 വര്‍ഷത്തോളം വെള്ളമുണ്ടായില്ല. 25 വയസ്സുള്ള ഒരു ചെറുതോണിക്കാരന് ഇവിടെ ഒരു നദിയുണ്ടായിരുന്നുവെന്ന തോന്നല്‍ പോലുമില്ല. ലോകത്തെ ഇപ്പോഴത്തെ സംവിധാനം അങ്ങനെയല്ല. ഓരോ അണക്കെട്ട് ഉണ്ടാക്കുമ്പോഴും ആ അണക്കെട്ടിന് താഴെയും നദി ഒഴുകുന്ന രീതിയില്‍ ഒരു പരിധിവരെ വെള്ളം ഒഴുക്കും. അവിടെ നദി ഉണ്ടായിരുന്നുവെന്ന ഓര്‍മ്മ ഉണ്ടാക്കുന്ന തരത്തിലാണ് വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

നദീതിരത്ത് ആള്‍ക്കാരെ വീടു വയ്ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ തടയാൻ എത്രത്തോളം കഴിയുമെന്ന് അറിയില്ല. പ്രളയം എവിടെയൊക്കെ എത്തി എന്ന് നമുക്ക് മാപ്പില്‍ വരച്ച് വയ്ക്കാൻ കഴിയണം.. സുനാമി ഉണ്ടായ സ്ഥലമാണ്, കൊടുങ്കാറ്റ് ഉണ്ടായ സ്ഥലമാണ് എന്നൊക്കെ അടയാളപ്പെടുത്തണം. അങ്ങനെ അപകടസാധ്യത എല്ലാവരും അറിയണം. അതൊക്കെ പരിഗണിച്ച് മാത്രമേ ബാങ്ക് വായ്പ കൊടുക്കുകയോ ഇൻഷൂറൻസ് കൊടുക്കുകയോ ചെയ്യാൻ പാടുള്ളൂ. ഇൻഷൂറന്‍സ് പാടില്ല എന്നല്ല പറയുന്നത്, പക്ഷേ ആ അപകടസാധ്യത തിരിച്ചറിയാൻ പറ്റണം എന്നാണ്. 1924ലെ വെള്ളപ്പൊക്കത്തിന്റെ ആ അപായ സാധ്യത നമ്മള്‍ അറിയാത്തതുകൊണ്ടാണ് ഇപ്പോള്‍ പ്രളയം ഉണ്ടായത്. പുതിയ തലമുറ അത് അറിയാതിരിക്കരുത്.

കേരളത്തില‍ ഇപ്പോള്‍ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. സമൂഹത്തിന്റെ മൊത്തം ഇടപെടലോടെയാണ് നടക്കുന്നത്. അതിന് പണം ഒരു വിഷയമായി വന്നിട്ടില്ല. വിഷയമാകില്ല. പക്ഷേ കുറെക്കാലം അതുണ്ടാകില്ല. കേരളത്തിന്റെ പുനര്‍നിര്‍മ്മാണം എന്നു പറയുന്നത് ഒരു മൂന്ന് മീറ്റര്‍ ഓട്ടം അല്ല. ഒരു മാരത്തോണ്‍ ആണ്. സ്വകാര്യം മൂലധനം ലഭ്യമാക്കാനായാല്‍ വേഗത്തില്‍ പുനര്‍നിര്‍മ്മാണം നടക്കും. ലോകത്ത് എവിടെയും അങ്ങനെയാണ് നടക്കുന്നത്. സര്‍ക്കാരിനും മറ്റ് ഏതെങ്കിലും സംഘടനകള്‍ക്കും നിക്ഷേപിക്കുന്നതിന് ഒരു പരിധിയുണ്ട്. സ്വകാര്യ മൂലധനം നഗരത്തിലേക്ക് തിരിച്ചുവരുന്നു. പുതിയ സാധ്യത കാണുന്നു. അപ്പോഴാണ് നവകേരളം ഉണ്ടാകുക.