കണ്ണൂര്‍: ഇരിട്ടിയില്‍ കര്‍ണാട സ്വദേശിനി ശോഭയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസ് പുതിയ വഴിത്തിരിവില്‍. പ്രതി മഞ്ചുനാഥ് ശോഭയുടെ സഹായത്തോടെ ഭര്‍ത്താവ് രാജുവിനെയും കൊലപ്പെടുത്തിയിരുന്നതായി അന്വേഷണ സംഘം വ്യക്തമാക്കി. ശോഭയുടെ കാണാതായ രണ്ട് കുട്ടികള്‍ക്കായി പൊലീസ് തെരച്ചില്‍ ശക്തമാക്കി.
കഴിഞ്ഞ മാസം 14 നാണ് നാടോടി സ്ത്രീയായ ശോഭയെ മാതൃസഹോദരീ ഭര്‍ത്താവായ മഞ്ചുനാഥ് കഴുത്തു ഞെരിച്ച് കൊന്ന് കിണറ്റില്‍ തള്ളിയത്. പിറ്റേന്ന് ഇരിട്ടിയില്‍ നിന്ന് രക്ഷപെട്ട മഞ്ചുനാഥിനെ കര്‍ണാടകയില്‍ വച്ച് പൊലീസ് പിടികൂടുകയായിരുന്നു.
തെളിവെടുപ്പിനായി കര്‍ണാടകയിലെത്തിയപ്പോഴാണ് ഒരു വര്‍ഷം മുന്‍പ് കാണാതായ ശോഭയുടെ ഭര്‍ത്താവ് രാജുവിനെ ശോഭയുടെ സഹായത്തോടെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചതായി മഞ്ജുനാഥ് സമ്മതിച്ചത്. തുടര്‍ന്ന് മൃതദേഹം ഡീസലൊഴിച്ച് കത്തിച്ച വനാതിര്‍ത്തിയിലെ മഴക്കുഴി പ്രതി പൊലീസിന് കാണിച്ചു കൊടുത്തു. രാജുവിന്‍റെ തിരോധാനത്തില്‍ കര്‍ണാടക പൊലീസ് അന്വേഷണം നടത്തിവരികയാണ് കേരള പൊലീസ് കേസ് തെളിയിച്ചത്.
ഭാര്യയും മക്കളുമുള്ള മഞ്ജുനാഥ് ഏറെ നാളുകളായി ഇരിട്ടിയില്‍ ശോഭയോടൊപ്പം കഴിയുകയായിരുന്നു. തിരികെ നാട്ടിലേക്കു പോകാനുള്ള നീക്കം എതിര്‍ത്തതാണ് ശോഭയുടെ കൊലപാതകത്തിലേക്കെത്തിച്ചത്. അതേസമയം ശോഭയുടെ ആറും നാലും വയസ്സുള്ള കുട്ടികളെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
കുട്ടികളുമായി മഞ്ജുനാഥ് ബസ് കയറിപ്പോകുന്നത് നഗരത്തിലെ സിസിടിവി ദൃശ്യത്തില്‍ നിന്ന് വ്യക്തമായിരുന്നു. കുട്ടികളെ ബംഗലുരൂ സ്റ്റേഷനില്‍ വച്ച് കാണാതായെന്നാണ് മഞ്ചുനാഥ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്.
കര്‍ണാടയിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി പേരാവൂര്‍ സി.ഐ സുനില്‍ കുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തിരിച്ചെത്തി. രാജുവിന്‍റെ മൃതദേഹം കത്തിച്ചതിന്‍റെ അവശിഷ്ടങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് പറഞ്ഞു.
