കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം. പിണറായിയിൽ ബിജെപി പ്രവർത്തകൻ രമിത്തിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിൽ പ്രതിഷേധിച്ച് ബിജെപി വ്യാഴാഴ്ച സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തു.അതേസമയം ഇരുകൂട്ടരും വിട്ടുവീഴ്ച്ചയില്ലാതെ പരസ്പരം വെട്ടുന്നത് പൊലീസിന്റെ കൈയിൽ നിൽക്കുന്നതല്ലെന്നും പരിമിതികളുണ്ടെന്നും കണ്ണൂർ റെയ്ഞ്ച് ഐ.ജി ദിനേന്ദ്ര കശ്യപ് പറഞ്ഞു. പുതിയ സംഭവത്തോടെ സംഘർഷങ്ങൾ കൂടുതൽ പടരുമെന്ന കടുത്ത ആശങ്കയാണ് ജില്ലയിലെങ്ങും.
കഴിഞ്ഞ ദിവസം സിപിഎം ബ്രാഞ്ച് സെക്രട്ടറി മോഹനനെ വെട്ടിക്കൊലപ്പെടുത്തിയതിന്റെ തുടർച്ചയായാണ് ഇന്നത്തെ കൊലപാതകം. കഴിഞ്ഞ ദിവസം കൊലനടന്ന അതേസമയത്താണ് പിണറായിയിലെ പെട്രോൾ പമ്പിന് സമീപം വെച്ച് പത്തരയോടെ ലോറി ഡ്രൈവറായ രമിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്.കഴുത്തിലും തലയ്ക്കും മാരകമായി വെട്ടേറ്റ രമിത്ത് ആശുപത്രിയിലെത്തും മുൻപ് മരിച്ചു.
ഓലയമ്പലം സ്വദേശിയായ രമിത്തിന്റെ പിതാവ് ഉത്തമനും സമാനമായ രീതിയിൽ കൊല്ലപ്പെട്ടയാളാണ്. 2002ൽ ചാവശേരിയിൽ വെച്ച് ബസ് തടഞ്ഞ് ബോംബെറിഞ്ഞ ശേഷമായിരുന്നു ഉത്തമനെ കൊലപ്പെടുത്തിയത്. സ്വന്തം മണ്ഡലത്തിൽ തുടർച്ചയായുണ്ടായ രണ്ട് കൊലപാതകങ്ങളുടെ ധാർമ്മിക ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്ന് ബിജെപി ആരോപിച്ചു.
കഴിഞ്ഞ ദിവസമുണ്ടായ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ നിരോധനാജ്ഞയടക്കം മുൻകരുതൽ എടുത്തിട്ടും പട്ടാപ്പകൽ രണ്ടാമതും കൊലപാതകം ആവർത്തിച്ചതിൽ പൊലീസും നിസ്സഹായത വ്യക്തമാക്കി. കണ്ണൂരിൽ പട്ടാള നിയന്ത്രണം വേണമെന്ന് മുൻകാലങ്ങളിൽ പരോക്ഷമായി ആവശ്യപ്പെട്ടിരുന്ന ബിജെപി ഈ ആവശ്യവും പുതിയ സംഭവത്തോടെ ശക്തമാക്കിയിട്ടുണ്ട്.
അതിനിടെ രമിത്തിന്റെ മൃതദേഹമെത്തിച്ച തലശേരി ജനറൽ ആശുപത്രിയിൽ വെച്ച് പ്രവർത്തകനെ കസ്റ്റഡിയിലെടുക്കാൻ പൊലീസെത്തിയത് ആർ.എസ്.എസ് പ്രവർത്തകർ തടഞ്ഞു. സംഘർഷം പടരാനിടയുള്ള സാഹചര്യത്തിൽ കൂടുതൽ ശക്തമായ മുൻകരുതൽ നടപടികൾക്കുള്ള ആലോചനയിലാണ് പൊലീസും ജില്ലാ ഭരണകൂടവും.
